കോഴിക്കോട്: കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ ചതിക്കുഴികളെകുറിച്ച് മനസിലാക്കികൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്. കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം.
സൈബര്‍ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെകുറിച്ചും അവര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ നിര്‍ദേശങ്ങളും പോലീസ് ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികള്‍ അധിക സമയം ഓണ്‍ലൈനില്‍ സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ, അത് വിലക്കുമ്പോള്‍ അവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ രഹസ്യം സ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ അവര്‍ സൈബര്‍ ഗ്രൂമിംഗിന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാം.
ലൈംഗിക ചൂഷണം ലക്ഷ്യമാക്കി , ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സോഷ്യല്‍ മീഡിയ വഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍പേരെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷെ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്സ് തന്നെ മാറ്റാന്‍ ശ്രമിക്കും. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ തന്നെയാണ് അവരെ ബോധ്യപ്പെടുത്തേണ്ടത്.
പ്രൈവസി സെറ്റിംഗ്സ് എങ്ങിനെ സുരക്ഷിതവും ശക്തവുമാക്കാം എന്ന് കുട്ടികളെ മനസിലാക്കികൊടുക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു. ഇ-മെയില്‍ വഴിയോ മെസ്സേജ് ആയോ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സംശയകരമായ ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അവയില്‍ നമ്മുടെ കംപ്യൂട്ടറിനെ ബാധിച്ചേക്കാവുന്ന മാല്‍വെയറുകള്‍ ഉണ്ടാകാനിടയുണ്ട്.
ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലെ ബില്‍ട്ട് ഇന്‍ കാമറകള്‍ , അവ കൈകാര്യം ചെയ്യാത്ത സമയങ്ങളില്‍ മറച്ചുവയ്ക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു. ഹാക്കര്‍മാര്‍ക്ക് ദൈനംദിന പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ അവ കാരണമാകുമെന്നതിനാലാണിത്.
രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ആന്റി വൈറസ്, സോഫ്റ്റ് വയര്‍ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടികള്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ, വെബ്സൈറ്റുകള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും.ഇത് പ്രയോജനപ്പെടുത്തണം.
വിശ്വാസയോഗ്യമല്ലാത്ത ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സോഫ്റ്റ് വെയറുകള്‍ , ഗെയിമുകള്‍, ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയവ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് തടയുന്നതിനായി ഓപ്പറേറ്റിംഗ് സിസ്റ്റവും സോഫ്റ്റ് വെയറുകളും ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചസ് ഉപയോഗിച്ച് കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ബ്രൗസറുകള്‍ അപ്ഡേറ്റഡ് വേര്‍ഷന്‍ ആണെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദേശിക്കുന്നു.