മൊബൈൽ ഫോൺ കുട്ടിക്കളിയല്ല. പിഞ്ചുമക്കളെ തളച്ചിടാൻ കൊടുക്കുന്ന മൊബൈൽ ഫോൺ അവരുടെ ബുദ്ധിവികാസത്തെ തടസപ്പെടുത്തുക മാത്രമല്ല അന്ധതയിലേക്കും തള്ളിവിടുമെന്ന് ഹൈദരാബാദ് എൽ.വി. പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പീഡിയാട്രിക് ഒഫ്താൽമോളജി മേധാവി ഡോ. രമേശ് കെക്കുന്നായ. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം കുട്ടികളോട് വേണ്ടെന്നും അത് അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറുമെന്നും ദീപികയോടു സംസാരിക്കവേ ഡോ. രമേശ് വ്യക്തമാക്കി.
അഖിലേന്ത്യാ ഒഫ്താൽമോളജിക്കൽ സൊസൈറ്റിയുടേയും കേരള സൊസൈറ്റി ഓഫ് ഒഫ്താല്മിക് സര്ജന്സിന്റേയും ആഭിമുഖ്യത്തില് ആധുനിക നേത്രചികിത്സാരംഗത്തെ മുന്നേറ്റങ്ങളെക്കുറിച്ച് കണ്ണൂരിൽ സംഘടിപ്പിച്ച ദേശീയ സിമ്പോസിയത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. മൊബൈൽ കിട്ടിയാൽ ഏതു വില്ലനും പിന്നെ അച്ചടക്കമുള്ള കുട്ടിയായി വീട്ടിൽ അടങ്ങിയിരിക്കുമെന്നതാണ് രക്ഷിതാക്കളെ അതിനു പ്രേരിപ്പിക്കുന്നത്. കുട്ടികളിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന കാഴ്ചക്കുറവിന് പ്രധാന കാരണമായി മൊബൈൽ ഫോൺ മാറുന്നുണ്ടെന്നും ഡോ. രമേശ് പറഞ്ഞു.
മൂന്നു വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരുകാരണവശാലും മൊബൈൽ ഫോണ് നൽകരുത്. മൂന്നു മുതൽ എട്ടു വയസുവരെ പ്രായമുള്ള കുട്ടികൾ പരമാവധി ഒരു ദിവസം 90 മിനിറ്റ് മാത്രമേ മൊബൈൽ ഫോണ് ഉപയോഗിക്കാൻ പാടുള്ളൂ. എട്ടു വയസിന് മുകളിലുള്ള കുട്ടികൾ രണ്ടു മണിക്കൂർ മുതൽ മൂന്നു മണിക്കൂർ വരെയും മുതിർന്നവർ നാലു മണിക്കൂറും മാത്രം മൊബൈൽ ഉപയോഗിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളിൽ മയോപ്പിയ (ഹ്രസ്വ ദൃഷ്ടി) കൂടുതലായി കണ്ടുവരുന്നതിന് പ്രധാന കാരണം മൊബൈൽ ഫോണ് തന്നെയാണ്. മൊബൈൽ ഫോണ് ഉപയോഗം രണ്ടുതരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്. ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തി കുറയ്ക്കുന്നതിനുപുറമേ വീടിനകത്തുതന്നെ ചടഞ്ഞുകൂടുന്നതിനാൽ അത് അവരുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു.
കണ്ണിന് സൂര്യപ്രകാശം അത്യാവശ്യമാണ്. രോഗ പ്രതിരോധശേഷിക്ക് സൂര്യപ്രകാശവും പ്രകൃതിയോടുള്ള സഹവാസവും കൂടിയേ തീരു. മാറിയ ഭക്ഷണരീതിയും കാഴ്ചക്കുറവിനും മറ്റു നേത്രരോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഇന്ത്യയിൽ ഇന്ന് കണ്ണിനെ ബാധിക്കുന്ന പ്രധാന രോഗം കാഴ്ചക്കുറവാണ്. രണ്ടാമത് കോങ്കണ്ണാണ്. പിന്നെ തിമിരം, ഗ്ലൂക്കോമ, കാൻസർ എന്നിവയും കണ്ടുവരുന്നു. നല്ല ഭക്ഷണം, നിശ്ചിത വയസുവരെ കുട്ടികൾക്കു നൽകുന്ന മുലപ്പാൽ, പ്രകൃതിയോടിണങ്ങിയ ജീവിതം എന്നിവ രോഗത്തെ പ്രതിരോധിക്കാവുന്ന പ്രധാന മാർഗങ്ങളാണ്.
അമേരിക്കപോലുള്ള വികസിതരാജ്യങ്ങളിൽ ഗർഭാവസ്ഥയിൽ തന്നെ കുട്ടികളുടെ കാഴ്ചക്കുറവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഇന്ത്യയിൽ നിലവിൽ അത് യാഥാർഥ്യമായിട്ടില്ലെന്ന് ഡോ. രമേഷ് പറഞ്ഞു. കുട്ടി ജനിച്ച് 30 ദിവസത്തിനകം കണ്ണ് പരിശോധന നടത്തിയാൽ കാഴ്ച തകരാറുകൾ കണ്ടെത്താൻ കഴിയും. ഇതുവഴി ഭാവിയിലുണ്ടാകുന്ന 95 ശതാമനം കാഴ്ച്ചാവൈകല്യങ്ങളും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരിശോധനകൾ വേണ്ടരീതിയിൽ നമ്മുടെ നാട്ടിൽ നടക്കുന്നില്ലെന്നതാണ് ഖേദകരം. രക്ഷിതാക്കൾ ഇക്കാര്യത്തിൽ അത്രകണ്ട് ബോധവാന്മാരല്ല. കാഴ്ച സംബന്ധിച്ച് സ്കൂളിൽനിന്ന് അധ്യാപകർ പറഞ്ഞ് അറിയുന്പോഴാണ് പലരും ചികിത്സപോലും തേടുന്നത്. ചികിത്സ വൈകുന്നതോടെ രോഗം പൂർണമായും ഭേദമാകാനുള്ള സാധ്യതയും കുറയുന്നു. കുട്ടികളിൽ പ്രതിരോധകുത്തിവയ്പ് സമയത്തെങ്കിലും കണ്ണ് പരിശോധനയും നിർബന്ധമാക്കിയാൽ ഭൂരിഭാഗം അന്ധതയെയും തൂത്തെറിയാം.
ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനും പ്രത്യേകിച്ച് ആരോഗ്യവകുപ്പിനും നേത്രചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടന നിർദേശം സമർപ്പിക്കും. ഒരു വയസുള്ളപ്പോൾ ആരോഗ്യകേന്ദ്രങ്ങളിൽ നൽകുന്ന കുത്തിവയ്പ് സമയത്തുതന്നെ ഇത്തരത്തിൽ പരിശോധന നടത്തിയാൽ 90 ശതമാനം കാഴ്ചക്കുറവും പരിഹരിക്കാനാകും. സ്കൂളുകളിൽ നേത്രപരിശോധനാ ക്യാന്പുകൾ സംഘടിപ്പിക്കുന്നതും ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പി. ജയകൃഷ്ണൻ