തിരൂർ: ജനിച്ച് മാസങ്ങൾക്കകം പ്രത്യേക കാരണമൊന്നുമല്ലാതെ കുട്ടികൾ മരിച്ചുവീഴുന്നു. മരണകാരണം കണ്ടെത്താനാകാതെ നിസഹായവസ്ഥയിലാണ് ആ ദന്പതികൾ.
ഒരു വീട്ടിൽ തന്നെ തുടർച്ചയായി കുട്ടികൾ മരിക്കുന്നത് ദുരൂഹത ജനിപ്പിക്കുകയായിരുന്നു. കൂടത്തായിയിലെ സയനൈഡ് മരണങ്ങൾ മലയാളികൾക്ക് മുന്നിൽ ആശങ്കയും അന്പരപ്പുമായി നിറഞ്ഞു നിൽക്കുന്പോൾ തിരൂരിലെ മരണങ്ങളെ ചൊല്ലിയും സംശയങ്ങൾ ഉയരുകയായിരുന്നു.
കഴിഞ്ഞ ഒന്പത് വർഷത്തിനിടെയാണ് തിരൂരിലെ തറമ്മൽ റഫീഖ്-സബ്ന ദന്പതികളുടെ ആറു മക്കൾ ജീവിച്ചു തുടങ്ങും മുന്പ് മരണത്തിലേക്കു വീണു പോയത്.
ആദ്യത്തെ കുട്ടിയും രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോൾ അത് ദൈവവിധിയായിരിക്കുമെന്ന് കരുതി ദന്പതികൾ ആ ദു:ഖം സ്വീകരിച്ചു. മൂന്നാമത്തെ കുട്ടിയും പ്രത്യേകിച്ച് കാരണമൊന്നില്ലാതെ മരിച്ചപ്പോൾ വിദഗ്്ധ പരിശോധനകളും നടത്തി.
എന്നാൽ അപസ്്മാരം, ജനിതക വൈകല്യം തുടങ്ങിയ കാരണങ്ങളാണ് ഡോക്ടർമാർ പറഞ്ഞത്. മൂന്നാമത്തെ കുട്ടിയെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലാണ് പരിശോധിച്ചത്.
എന്നാൽ മരണത്തിനു പ്രത്യേക കാരണമൊന്നും കണ്ടെത്താനായില്ല. പിന്നീടുണ്ടായ രണ്ടു മക്കളുടെ മരണവും കാരണമറിയാതെ കടന്നു പോയി. ഇന്നലെ ആറാമത്തെ കുട്ടി മരിച്ചതോടെയാണ് നാട്ടുകാർക്കിടയിലും സംശയങ്ങളുയർന്നത്.
ഒരു വീട്ടിൽ ഇത്രയധികം കുട്ടികളുടെ മരണം നടക്കുന്നത് എന്തു കൊണ്ടെന്ന ചോദ്യം നാട്ടുകാർക്കിടയിലും ഉയർന്നു. ഇതോടെയാണ് പോലീസ് ഇടപെട്ടതും കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതും.
കുട്ടികൾ തുടർച്ചയായി മരിക്കുന്നതിൽ തങ്ങൾക്കും ആശങ്കയുണ്ടായിരുന്നെന്നാണ് ദന്പതികളുടെ ബന്ധുക്കൾ പറയുന്നത്. അതു കൊണ്ടു തന്നെ ഇതു സംബന്ധിച്ച് പല ഡോക്ടർമാരോടും സംസാരിച്ചിരുന്നു.
അമേരിക്കയിലുള്ള ബന്ധുവായ ഡോക്ടറുമായും ഇക്കാര്യം ചർച്ച ചെയ്തു. എന്നാൽ ആർക്കും പ്രത്യേകിച്ചൊരു കാരണം പറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയംത്തിൽ സംഭവത്തിൽ ദുരൂഹത ആരോപിക്കേണ്ടതില്ലെന്നും ഏതു അന്വേഷണവും നേരിടാൻ തയാറാണെന്നും റഫീഖിന്റെ ബന്ധുക്കളും പറഞ്ഞു.
മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം വിദഗ്ധ പരിശോധന നടത്തിയപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. അപസ്്മാരമാണ് മരണ കാരണമെന്നു അന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഹൈദരാബാദിൽ നടത്തിയ വിദഗ്ധ പരിശോധയിൽ ജനിതക വൈകല്യമാണ് കാരണമായി കണ്ടെത്തിയത്. ഇവയുടെ സർട്ടിഫിക്കറ്റും ദന്പതികളുടെ പക്കലുണ്ട്. സമീപവാസികളുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.