തിരുവനന്തപുരം: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിംഗ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതിനാൽ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിംഗിനു പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കിഫ്ബിയിൽ വേണ്ടത് സിഎജിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിംഗ് തന്നെയാണെന്ന് ചെന്നിത്തല ആവർത്തിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കിഫ്ബിയിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും സിഎജി ഓഡിറ്റ് അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്കും ചെന്നിത്തല കത്ത് നൽകിയിരുന്നു. സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാൽ, വസ്തുതകൾക്കു വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ നടത്തുന്ന വികസന പദ്ധതികൾക്ക് ദോഷം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.