തിരുവനന്തപുരം: പ്രഖ്യാപിത വികസന പദ്ധതികൾ നടപ്പാക്കാനുള്ള ധനസമാഹരണ ശേഷിയില്ലാത്തതിനാൽ പ്രസക്തി നഷ്ടപ്പെട്ട കിഫ്ബി പിരിച്ചു വിടണമെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
കിഫ്ബിയുടെ കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും കിഫ്ബി സിഇഒ കെ.എം.എബ്രഹാമും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുകയാണ്. ഏകപക്ഷീയ തീരുമാനമെടുക്കുന്ന കിഫ്ബി ഒരു വെള്ളാനയാണെന്ന് ധനവകുപ്പ് കരുതുന്നു. കേരളത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കെ.എം. ഏബ്രഹാമിന്റെയും തെറ്റായ നടപടികളെ തിരുത്താനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. കെ.എം. ഏബ്രഹാം നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
കിഫ്ബിയുടെ കടവും സംസ്ഥാന പൊതുകടത്തിന്റെ പരിധിയിൽ പെടുത്തിയതോടെ പുറമെ നിന്നും കിഫ്ബിക്ക് വൻതുക കടമെടുക്കാനാവില്ല. ഇപ്പോഴത്തെ കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും സംസ്ഥാന ഖജനാവിലേക്ക് വരേണ്ട വാഹന, ഇന്ധന നികുതികളാണ്. കിഫ്ബി പദ്ധതികൾ പ്രത്യുലത്പാദനപരമല്ലാത്തതിനാൽ, വരുമാനത്തിൽ നിന്നും കടം തിരിച്ചടയ്ക്കാനാവില്ല.
കിഫ്ബിയുടെ എല്ലാ സാമ്പത്തിക ബാദ്ധ്യതയും നിറവേറ്റേണ്ടത് വരുംകാല സംസ്ഥാന സർക്കാരുകളാണ്. കിഫ്ബി പ്രഖ്യാപിച്ചിട്ടുള്ള 60000 കോടി രൂപയുടെ പദ്ധതികളിൽ പകുതി പോലും നടപ്പാക്കിയിട്ടില്ല. കെട്ടിടം,റോഡ്,പാലം എന്നിവയുടെ പണി പൂർത്തിയാക്കിയ കരാറുകാർക്ക് ഭീമമായ കുടിശിക തുക നൽകാനുണ്ട്.
കിഫ്ബിയുടെ ധനവിനിയോഗ വിശ്വാസ്യത വിവാദത്തിലാണ്. വ്യവസ്ഥാപിത സംവിധാനത്തിനു പകരം സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയാണ് കിഫ്ബി കരാറുകളിൽ മിക്കവയും. പണമിടപാടുകൾ പൂർണമായും ഓഡിറ്റിംഗിന് വിധേയമായിട്ടില്ല. സിഎജി റിപ്പോർട്ടും ഇഡി അന്വേഷണവും ദുരൂഹതകൾ സൃഷ്ടിച്ചിട്ടുള്ള സാഹചര്യത്തിൽ സർക്കാർ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.