തിരുവനന്തപുരം: കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ ആവർത്തിച്ചുള്ള ആക്ഷേപം പുകമറ സൃഷ്ടിക്കാനാണ്. കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണ്. സെക്ഷൻ 14(1) പ്രകാരമുള്ള ഓഡിറ്റിന് നിയന്ത്രണമില്ലെന്നും ഐസക്. കിയാൽ സർക്കാർ കമ്പനിയല്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരാതിരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 20(2) അനുസരിച്ചുള്ള ഓഡിറ്റ് വേണം. വിഡ്ഢികളായത് കൊണ്ടാണോ സിഎജി മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ സിഎജിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട് എന്നായിരുന്നു ഇതിനുള്ള ധനമന്ത്രിയുടെ മറുപടി.
കിഫ്ബി, കിയാൽ സമ്പൂർണ ഓഡിറ്റ് നിഷേധിച്ചതിൽ നിയമസഭയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ സമാന വിഷയം ചോദ്യോത്തര വേളയിൽ വന്നിട്ടുണ്ടെന്നും നോട്ടീസിലെ ആശങ്ക അടിസ്ഥാന രഹിതമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയതായും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.