കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മറുപടി നല്കി മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്ഡാണെന്നുമാണു ഐസക്കിന്റെ മറുപടിയിലുള്ളത്.
കേസില്‍ ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു.
പകരം ഏഴു പേജുള്ള മറുപടി നൽകി. ഈ മറുപടിയിലാണ് തനിക്ക് ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നു വ്യക്തമാക്കുന്നത്.
‘കിഫ്ബി മസാലബോണ്ടില്‍ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. ധനമന്ത്രി എന്ന നിലയിലുള്ള കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തത്. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോര്‍ഡാണ്.
കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’-തോമസ് ഐസക്കിന്റെ മറുപടിയില്‍ പറയുന്നു.
കിഫ്ബിയുടെ വൈസ് ചെയര്മാന്, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’ എന്ന് കഴിഞ്ഞ ദിവസം ഐസക് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇതില്‍ വ്യക്തത വരുത്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡ് അംഗം കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമായിരുന്നു തനിക്കെന്നും തോമസ് ഐസക് കത്തില്‍ പറയുന്നത്.
കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളില്‍ മൊഴി നല്‍കാനാണ് തോമസ് ഐസക്കിനോട് ഇഡി അന്വേഷണസംഘം ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തില്‍ അന്വേഷണം തുടങ്ങിയത്.
കിഫ്ബി സിഇഒ, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. ആദ്യം നല്കിയ രണ്ടുസമന്‍സുകള്‍ ഹൈക്കോടതിയില്‍ തോമസ് ഐസക് ചോദ്യംചെയ്തിരുന്നു. ഈ ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി കഴിഞ്ഞമാസം അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ഇഡി വീണ്ടും ഐസക്കിനു നോട്ടീസ് അയച്ചത്.
സ്വന്തം ലേഖിക