പത്തനംതിട്ട: കിഫ്ബി മുഖേന ആറന്മുള നിയോജക മണ്ഡലത്തില്‍ നടന്നുവരുന്ന പദ്ധതികളുടെ മെല്ലപ്പോക്കില്‍ മന്ത്രി വീണാ ജോര്‍ജിനും അതൃപ്തി.
പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഇന്നലെ കൂടിയ യോഗത്തില്‍ എല്ലാം പാതിവഴിയിലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിര്‍മാണം തുടങ്ങിയ മഞ്ഞനിക്കര – ഇലവുംതിട്ട – മുളക്കുഴ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതിലും മന്ത്രി അതൃപ്തി അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയില്‍ ഉള്്പ്പെടുത്തി അനുമതി നല്കിയ പദ്ധതികളടക്കമാണ് സ്തംഭനത്തിലായിരിക്കുന്നത്. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി വേണമെന്ന് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
കോഴഞ്ചേരി പാലം സ്ഥലമേറ്റെടുക്കല്‍ ആയിട്ടില്ല
കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് നിര്‍മാണച്ചുമതലയുള്ള എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡ് (എച്ച്ഐടിഇഎസ്) യോഗത്തില്‍ അറിയിച്ചു.
കോഴഞ്ചേരിയില്‍ പുതിയ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പാലത്തിന്റെ നിര്‍മാണം തുടരാന്‍ സാധിക്കുകയുള്ളുവെന്ന് കെആര്എഫബി യോഗത്തില്‍ അറിയിച്ചു.
സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കിഫ്ബിയുടെ അക്വിസിഷന്‍ അഡൈ്വസര്‍ അറിയിച്ചു. പത്തനംതിട്ട ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിനാണ് ചുമതല.
ഉടമകളെ വിളിച്ചു ചേര്‍ത്ത് സ്ഥലത്തിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കുന്നതിന് കാലതാമസം ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം തന്നെ പാലം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പാലം നിര്‍മാണം പിന്നീടു വന്ന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകുകയായിരുന്നു. നിലവില്‍ പണികള്‍ പൂര്‍ണമായി സ്തംഭിച്ചു. പാലത്തിനും അപ്രോച്ച് റോഡിനുമായി സ്ഥലം ഏറ്റെടുക്കല്‍ ജോലികളാണ് വൈകുന്നത്.
പൈപ്പ് ഇടീലും സ്റ്റേഡിയവും മെല്ലപ്പോക്കില്‍
പത്തനംതിട്ടയിലെ പൈപ്പ് ലൈന്‍ മാറ്റിയിടല്‍ സംബന്ധിച്ച കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡുകള്‍ വെട്ടിക്കുഴിച്ചിട്ടിരിക്കുന്നതുമൂലം പ്രദേശവാസികള്‍ക്കും വാഹനയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. നഗരത്തിലെ അടക്കം റോഡുകളുടെ തകര്‍ച്ചയ്ക്കും ഇതു കാരണമാകുന്നു.
സെപ്റ്റംബര്‍ മാസത്തോടെ പൈപ്പ് ഇടീല് പൂര്‍ത്തിയാക്കുമെന്ന് ജലഅഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
കായിക വകുപ്പിന്റെ സ്പോര്‍ട്സ് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട സ്റ്റേഡിയത്തിന്റെ നിര്‍മാണ ടെന്‍ഡര്‍ ആരംഭിക്കും.
സ്റ്റേഡിയം നിര്‍മാണം ഒക്ടോബറില്‍ ആരംഭിക്കാമെന്നായിരുന്നു ഏറ്റവുമൊടുവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടു പോയിട്ടില്ല.
50 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കായികവകുപ്പില്‍ നിന്നും ജില്ലാ സ്റ്റേഡിയത്തിന് അനുവദിച്ചിട്ടുള്ളത്.
അബാന്‍ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് 90 സ്പാനുകളില്‍ 30 സ്പാനുകളോളം നിര്‍മാണം ആരംഭിച്ചു. നല്ല നിലയില്‍ നിര്‍മാണം മുന്നോട്ട് പോകുന്നതായി കെആര്‍എഫ്ബി അറിയിച്ചു.
എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള ജോലികളുടെ പേരില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വൈകുമോയെന്ന ആശങ്കയുണ്ട്്.