കുമളി: ദേശീയ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മൂന്നു മെഡലുകൾ കരസ്ഥമാക്കി ഐറിൻ ട്രീസ ജോസഫിന് തിളക്കമാർന്ന വിജയം.
പഞ്ചാബിലെ ലുധിയാന ലൗലി യൂണിവേഴ്സിറ്റി സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1200 കായിക പ്രതിഭകൾ പങ്കെടുത്തിരുന്നു.
ലൈറ്റ് കോണ്ടാക്ട്, പോയിന്റ് ഫൈറ്റ് എന്നീ മത്സരങ്ങളിൽ വെള്ളിയും മ്യൂസിക്കൽ ഫോം വിഭാഗത്തിൽ വെങ്കലവും നേടി. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ദേശീയ മത്സരത്തിൽ ഇതേ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവ് ആയിരുന്നു.
ഈ വർഷം നവംബർ 17 മുതൽ 27 വരെ പോർച്ചുഗലിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമിനെ തെരഞ്ഞെടുക്കുമെന്ന് ഇന്ത്യൻ കിക്ക് ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റ് സന്തോഷ്കുമാർ അഗർവാൾ അറിയിച്ചു.
കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന അമച്വർ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇതേ വിഭാഗത്തിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയാണ് ഐറിൻ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.
കുട്ടിക്കാനം മരിയൻ കോളജിലെ മൂന്നാം വർഷ ബിസിഎ വിദ്യാർഥിനിയാണ്. കുമളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ നോളി ജോസഫിന്റെയും ഷാജി ജയിംസിന്റെയും മകളാണ്.