സെലിബ്രിറ്റികളുടെ കീകി ചലഞ്ച് പോലീസിന് ചലഞ്ചാകുന്നു ! പാട്ടും ഡാന്‍സുമൊന്നും നടുറോഡില്‍ വച്ചു വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്…

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്ന കീകി ചലഞ്ചിനെതിരേ പോലീസ്. ‘കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്’ എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ‘കീകി’ ചലഞ്ച്. ഈ ഗാനവും നൃത്തവും ഇങ്ങ് കേരളത്തില്‍ വരെ തരംഗമായി.

കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഹിറ്റാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരെഞ്ഞെടുക്കുന്നത്.

എന്നാല്‍ നടുറോഡില്‍ ചെയ്യുന്ന ഡാന്‍സ് വലിയപകടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാന്‍സ് നിരോധിച്ചുകഴിഞ്ഞു.
കീകി ചലഞ്ചിനെതിരെ ഇപ്പോള്‍ മുംബൈ പൊലീസും രംഗത്ത് വന്നിരിക്കുകയാണ്.

നടുറോഡിലെ ഡാന്‍സ്, നര്‍ത്തകരുടെ ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടപ്പെടുത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഇനിയിതു തുടര്‍ന്നാല്‍ ശരിക്കുള്ള മ്യൂസിക്കിനെ നേരിടാന്‍ തയാറാകൂ എന്നുമാണ് മുംബൈ പോലീസിന്റെ ട്വീറ്റ്.

മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്രം ഹനിക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്. കൂടാതെ പൊലീസിന് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ചൂണ്ടിക്കാണിച്ച് ലൈന്‍സന്‍സ് റദ്ദാക്കാനും സാധിക്കും. പോലീസിന്റെ താക്കീത് സെലിബ്രിറ്റികള്‍ അനുസരിക്കുമോയെന്നതു മാത്രമാണ് ഇനി കാണാനുള്ളത്.

Related posts