കുറച്ചു നാളുകളായി സോഷ്യൽമീഡിയയിൽ ചലഞ്ചുകളുടെ ബഹളമാണ്. ആരോഗ്യപരമല്ലാത്ത ചില ചലഞ്ചുകൾ ഏറ്റെടുക്കുമ്പോൾ, ചിലയവസരങ്ങളിൽ ജീവൻ വരെ നഷ്ടമായ സംഭവങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ നവമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച ലോകം മുഴുവൻ പ്രചരിച്ചുകൊണ്ടിരിക്കുന്ന അവസാനത്തെ അപകടകരമായ ചലഞ്ചാണ് കി കി ചലഞ്ച്. പ്രശസ്ത കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ “കി കി ഡു യു ലൗ മി’ എന്ന വരികൾക്ക് ചുവടു വെയ്ക്കുകയാണ് ഈ ചലഞ്ചിൽ. പതിയെ ഓടുന്ന കാറിൽ നിന്നും ചാടിയിറങ്ങി ഈ പാട്ടിന് ചുവടുവെയ്ക്കണം എന്നാണ് ഈ ചലഞ്ചിലെ നിയമം.
എന്നാൽ ഇത്തരം പ്രവൃത്തികൾ ചെയ്യുവാൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ സോഷ്യൽമീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
കി കി ചലഞ്ചിന്റെ വീഡിയോ ഉൾപ്പടെ പങ്കുവെച്ച കേരള പോലീസ്, പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ടെന്നും അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ടെന്നും സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതിനൊപ്പം. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.