മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നിറങ്ങി കിക്കി ഡാൻസ് ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടെലിവിഷൻ താരം അടക്കം മൂന്നു യുവാക്കൾക്ക് കോടതിയുടെ എട്ടിന്റെ പണി. മൂന്ന് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനാണ് വാസായ് റെയിൽവേ കോടതി ശിക്ഷ വിധിച്ചത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടകരമായ പ്രവൃത്തിയാണ് യുവാക്കള്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരക്കേറിയ വാസായ് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടി പുറത്തിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കിക്കി ചലഞ്ച് വീഡിയോ ഒരാഴ്ച കൊണ്ട് 2.2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോയുടെ അടിസ്ഥാനത്തിൽ ശ്യാം ശര്‍മയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ നൽകിയ വിവരം അനുസരിച്ച് ധ്രുവ്, നിഷാന്ത് എന്നീ യുവാക്കളെ കൂടി പിടികൂടുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലെ എല്ലാം പ്ലാറ്റ്ഫോമുകളും രാവിലെ 11 മുതൽ രണ്ടു വരെയും വൈകുന്നേരം മൂന്നു മുതൽ അഞ്ച് വരെയും വൃത്തിയാക്കണമെന്നാണ് ശിക്ഷ വിധിച്ചത്. അപകടകരമായ കി ക്കി ഡാൻസ് നടത്തുന്നവർക്ക് ഒരു പാഠമാകാൻ ലക്ഷ്യമിട്ടാണ് തീരുമാനം. ഇത്തരം ചലഞ്ചുകൾ നടത്താതിരിക്കാൻ ആളുകളെ ബോധവൽക്കരിക്കണമെന്ന് യുവാക്കളോട് നിർദേശിച്ചിട്ടുണ്ടെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കനേഡിയൻ പോപ്പ്ഗായകനായ ഡ്രേക്കിന്റെ ‘കിക്കി ഡുയു ലവ് മി’ എന്ന ഗാനമാണ് ഇത്തരം നൃത്തത്തിന് തുടക്കമിട്ടത്. അമേരിക്കൻ ഹാസ്യാവതാരകനായ ഷിഗ്ഗി ഈ പാട്ടു പാടി കാറിൽ നിന്നിറങ്ങി യാത്ര ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. ഇതു ഹിറ്റായതോടെ ബോളിവുഡ് താരങ്ങൾ അടക്കമുള്ള പ്രമുഖരെല്ലാം ചാലഞ്ചിൽ പങ്കുചേർന്നു.
വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയില്‍ നിരവധിയാളുകൾ അപകടത്തില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയത്.
ഡൽഹി, മുംബൈ, ജയ്പുർ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പോലീസ് കിക്കിക്കെതിരായി ട്വീറ്റ് ചെയ്തു. രാജ്യാന്തരതലത്തിൽ വിവിധ പോലീസ് സേനകൾ ബോധവൽക്കരണവുമായി രംഗത്തുണ്ട്.