പോലീസിനെ വട്ടംകറക്കി കിളി ബിജു; സിനിമാസ്‌റ്റൈലില്‍ കാറിടിച്ചു കയറ്റാന്‍ ശ്രമിച്ചത് പോലീസിന്റെ നെഞ്ചത്തേക്ക്; നടുറോഡിലെ സംഘടനം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍

ആലപ്പുഴ:കഴിഞ്ഞ ദിവസം ആലപ്പുഴ നിവാസികള്‍ സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കാണ്. മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു മാവേലിക്കര കോടതിയുടെ വാറന്റോടെ പിടികൂടാനെത്തിയ പൊലീസുകാരും പ്രതി കിളി ബിജുവും ചേര്‍ന്നാണ് ഇന്നലെ ആലപ്പുഴയെ വിറപ്പിച്ചത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ ബിജു റോഡില്‍ തന്നെ തടയാന്‍ നിന്ന പൊലീസിന്റെ നെഞ്ചത്തേക്ക് തന്നെ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസുകാര്‍ പറയുന്നതിങ്ങനെ.മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു ബിജുവിനെതിരെ മാവേലിക്കര കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്നു.തിങ്കളാഴ്ച ബിജു പടനിലത്തെത്തുമെന്ന വിവരത്തെത്തുടര്‍ന്നു നൂറനാട് എസ്‌ഐ ബി.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.അഭിലാഷ്, എസ്.രജീന്ദ്രദാസ് എന്നിവര്‍ പാറ ജംഗ്ഷനു സമീപം ബിജുവിന്റെ കാര്‍ കാത്തുനിന്നു.

ആറരയോടെ കെ.പി റോഡിലൂടെ പാറ ജംക്ഷനിലെത്തിയ ബിജു ഇടപ്പോണ്‍ ഭാഗത്തേക്കു തിരിയുന്നതിനിടെ ഗതാഗത തടസ്സമുണ്ടായി. ബിജുവിനെ കണ്ട പൊലീസ് കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.കാര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ പൊലീസ് സംഘം മുന്നില്‍ കയറി നിന്നെങ്കിലും ബിജു അവരെ ഇടിച്ചു തെറിപ്പിക്കാനായി മുന്നോട്ടു നീങ്ങി.ഇതിനിടയില്‍ സിപിഒ രജീന്ദ്രദാസ് കാറിന്റെ ഇടിയേറ്റ് ബോണറ്റിനു മുകളിലേക്കു തെറിച്ചുവീണു. അതിവേഗം മുന്നോട്ടെടുത്ത കാറില്‍ നിന്നു തെറിക്കാതിരിക്കാന്‍ ഇരുവശങ്ങളിലുമുള്ള കണ്ണാടികളില്‍ പിടിച്ച് രജീന്ദ്രദാസ് പിടിവിടാതെ കിടന്നു.മുക്കാല്‍ കിലോമീറ്റര്‍ അകലെ മുതുകാട്ടുകരയ്ക്കു സമീപം ഗതാഗത തടസ്സമുണ്ടായി കാറിന്റെ വേഗം കുറഞ്ഞപ്പോള്‍ രജീന്ദ്രദാസ് ചാടി രക്ഷപ്പെട്ടത്. തുടര്‍ന്ന് ബിജു കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു. ബൈക്കില്‍ എസ്‌ഐയും സ്വകാര്യ കാറില്‍ മറ്റൊരു പൊലീസുകാരനും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. കൊട്ടിയം താഴേത്തല തൃക്കോവില്‍പടം പേരയം ചേരിഭാഗത്ത് ബിജുമന്ദിരത്തില്‍ ബിജുവിനെതിരേ (കിളി ബിജു 32) പൊലീസ് വധശ്രമത്തിനു കേസെടുത്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

 

 

Related posts