ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും ഇന്ന് ഇൻസ്റ്റഗ്രാമിൽ ആരാധകരേറെയുള്ള താരങ്ങളാണ്. 7.9 മില്യൺ ഫോളാവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഇവർക്കുള്ളത്. ഷേർഷയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഹിറ്റ് ട്രാക്കിന് ഇരുവരും ചുണ്ടനക്കി അഭിനയിച്ചപ്പോൾ അവർ പോലും കരുതിക്കാണില്ല ഇന്ത്യയിലെ തരംഗമായി വീഡിയോ മാറുമെന്നത്. ഹിന്ദി ഗാനങ്ങൾക്ക് പുറമേ തമിഴ്, തെലുങ്ക് , മലയാളം ഗാനങ്ങൾക്കൊപ്പമുള്ള വീഡിയോകളും ഇവർ ചെയ്യാറുണ്ട്. എന്നാൽ മലയാളം പാട്ടുകളോട് ഇവർക്ക് ഒരു പ്രത്യേക താൽപര്യമുണ്ട്. മലയാളം പാട്ടുകൾക്ക് ഒരു പക്ഷേ മലയാളികളെക്കാൾ ഗംഭീരമായ ലിപ്സിങ്കാണ് ഇവർ നൽകുന്നത്.
‘സത്യം പറയെടാ നീ മലയാളിയല്ലേ’ എന്നാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാനപ്പെട്ട കമന്റ്. ലിപ്സിങ്ക് വീഡിയോകളിലൂടെ കിലിയുടെയും നീമയുടെയും ജീവിതം മാറിമറിഞ്ഞെന്നു തന്നെ പറയാം. ടാൻസാനിയൻ ഇന്ത്യൻ ഹൈ കമ്മിഷന്റെ നേരിട്ടുള്ള ആദരവും ഇവർക്ക് ലഭിച്ചു. പരമ്പരാഗത ടാൻസാനിയൻ വസ്ത്രങ്ങളാണ് ഇവർ വീഡിയോയിൽ ധരിക്കുന്നത്. ഹിറ്റ് ഗാനങ്ങൾക്കുള്ള ചടുലമായ ചുവടുകളും ഇന്ത്യക്കാരെ പോലും ഞെട്ടിക്കുന്ന ചുണ്ടനക്കവുമാണ് ഇവരുടെ വീഡിയോകളിൽ പ്രധാനമായ ആകർഷണീയത.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇന്ന് കാണുന്ന ഈ വളർച്ചയിലേക്ക് എത്താനുള്ള കിലിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കിലിയും നീമയും ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലാണ് താമസിക്കുന്നത്. കൃഷിയും പശു വളർത്തലുമാണ് ഇവരുടെ ഉപജീവന മാർഗം. കുട്ടിക്കാലം മുതലേ നന്നായി കഷ്ടപ്പെട്ടാണ് ഈ സഹോദരങ്ങൾ ജാവിച്ചത്. കഠിനമായ ജോലിക്കിടയിലുള്ള ഇടവേളകളിലാണ് ഇരുവരും ടിക്ടോക്കും ഇൻസ്റ്റഗ്രാമും ഒക്കെ പരിചയപ്പെട്ടത്.
നൃത്തത്തിലും സംഗീതത്തിലുമുള്ള താൽപര്യംകൊണ്ട് ടിക്ടോക്കിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ കിലി ഒറ്റയ്ക്കാണ് വീഡിയോ ചെയ്തിരുന്നത്. പിന്നീട് കിലിയുടെ ഇളയ സഹോദരി നീമയും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാൽ ഇപ്പോൾ കിലി വീണ്ടും ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്. നീമ എവിടെ എന്ന് ആരാകർ വീഡിയോയ്ക്ക് താഴെ ചോദിക്കുവാനും തുടങ്ങി.
ഇന്ത്യൻ സിനിമയോടുള്ള ആരാധനയാണ് കിലിയെ ഷേർഷയിലെ ഗാനത്തിന് ചുണ്ടനക്കാൻ പ്രരിപ്പിച്ചത്. എന്നാൽ വളരെ പെട്ടന്ന് തന്നെ അപ്രതീക്ഷിതമായി വീഡിയോ വൈറലാവുകയും ചെയ്തു. ഷേർഷയിലെ താരങ്ങളും കിലിയുടെ വീഡിയോ പങ്കുവച്ചു. പിന്നീട് കിലിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്ന് പറയാം. അങ്ങനെ അതിർത്തികൾ കടന്നു ഇവരുടെ വീഡിയോകൾ ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങി. ഇപ്പോൾ വീഡിയോകളിൽ നിന്നും വരുമാനം ലഭിക്കുന്ന സന്തോഷത്തിലാണ് ഇരുവരും.
മൊബൈൽ ചാർജ് ചെയ്യാൻ സ്വന്തം വീട്ടിൽ കറന്റില്ലാത്തതിനാൽ കിലിയും നീമയും തങ്ങൾ വൈറലായെന്ന വിവരം വൈകിയാണ് അറിഞ്ഞത്. മാത്രമല്ല തങ്ങൾക്ക് ഇന്ത്യയോടുള്ള സ്നേഹം ഇന്ത്യ തിരിച്ചും തരുന്നുണ്ടെന്ന് അറിഞ്ഞ ഈ സഹോദരങ്ങൾക്ക് വളരെ സന്തോഷമായെന്ന് തന്നെ പറയാം. തുടർന്ന് പ്രതികൂല സാഹചര്യങ്ങളെയെല്ലാം അവഗണിച്ച് അവർ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ഗാനങ്ങൾ അഭിനയിച്ച് നൃത്തച്ചുവടുകളുമായി എത്തി. സെലിബ്രിറ്റികൾ അടക്കമുള്ളവരാണ് ഇപ്പോൾ കിലിയെയും നീമയെയും ഫോളോ ചെയ്യുന്നത്.
രണ്ടോ നാലോ ദിവസമെടുത്താണ് ഇന്ത്യൻ ഗാനങ്ങൾ ഇവർ പഠിക്കുന്നത്. വരികളിലെ വാക്കുകളുടെ അർഥം ഇന്റെർനെറ്റിൽ തിരഞ്ഞ് കണ്ടുപിടിച്ച ശേഷമാണ് ഗാനങ്ങൾക്ക് അവർ ഭാവം നൽകുന്നത്. ഇന്ത്യക്കാർ നൽകുന്ന സ്നേഹം തനിക്ക് നേരിട്ട് അനുഭവിക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി ഇന്ത്യയിലേക്ക് ഉടൻ തന്നെ എത്തുമെന്നും കിലി പറയുന്നു.