കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ജവാൻ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും മർദിച്ച സംഭവത്തിൽ സൈനികന്റെ മാതാവ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് പരാതിനൽകി.
മർദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിഐയും എസ്ഐയും മർദിച്ചില്ലെന്ന് പോലീസ് വിശദീകരണം നൽകുന്പോൾ സ്റ്റേഷനിലെ തന്നെ വനിതാഎസ്ഐ ഇവർ മർദിക്കുന്നത് കണ്ടതായി സാക്ഷി മൊഴിനൽകിയത് പോലീസുകാർക്കെതിരെയുള്ള കുരുക്ക് മുറുക്കുന്നു.
സസ്പെൻഷനിലായ എസ്ഐയുടെ ശബ്ദശന്ദേശം പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ ഗൗരവമേറി. ഡ്യൂട്ടിയിലുള്ള പോലീസുകാരെ മർദിച്ച പ്രതികൾ രക്ഷപെടാതിരിക്കാൻ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
സിഐയും താനും സ്ഥലത്തില്ലായിരുന്നുവെന്നും എസ്ഐ അനീഷ് പറഞ്ഞിരുന്നു. സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ന്യായീകരണം.
സൈനികനും സഹോദരനുമാണ് പോലീസിനെ ആക്രമിച്ചതെന്ന് സ്ഥാപിക്കാൻ പുറത്തുവന്ന സിസിടിവിദൃശ്യത്തിലും മഫ്തിയിലായിരുന്ന പോലീസുകാരൻ വിഷ്ണുവിന്റെ കരണത്തടിക്കുന്ന ദൃശ്യമാണ് ആദ്യം വന്നത്.
വീണ്ടും അടിക്കുന്പോൾ തിരിച്ചടിക്കുന്ന സൈനികനേയും കാണാം. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ കുറച്ചുഭാഗം മാത്രമെയുള്ളു.
വിഷ്ണുവിനെ നിലത്തിട്ട് മർദിക്കുന്നതും ഇയാളുടെ വസ്ത്രം വലിച്ചുകീറുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങളും ഇരുവരെയും അടുത്തമുറിയിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള സംഭവങ്ങളുമുണ്ട്.
ഇതിനുശേഷമാണ് സിഐ വിനോദും എസ്ഐ അനീഷും മറ്റ് പോലീസുകാരും ചേർന്ന് തങ്ങളെ കൊടിയ പീഡനത്തിനിരയാക്കിയതെന്ന് വിഘ്നേഷ് പറഞ്ഞിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ചുപേർക്കെതെതിരേയും നടപടി ഉണ്ടാകണമെന്നും വിഘ്നേഷ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ കരസേന സിഗ്നൽ വിഭാഗം ജീവനക്കാരനായ വിഷ്ണുവിനെയും സഹോദരനേയും മർദിച്ച സംഭവത്തിൽ കരസേന അന്വേഷണം നടത്തിയിരുന്നു.
പാങ്ങോട് ക്യാന്പിൽനിന്നുള്ള ഉദ്യോഗസ്ഥർ വിഷ്ണുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. കേന്ദ്ര സേനയിൽപ്പെട്ടവർ ഏതെങ്കിലും കേസിൽപ്പെട്ടാൽ അത് കേന്ദ്രസേനാ ഓഫീസിൽ അറിയിക്കണമെന്ന നിയമം കിളികൊല്ലൂർ പോലീസ് ലംഘിച്ചു. കരസേനാ മേധാവി ഡിജിപിയോട് വിശദീകരണം നേടുമെന്നും സൂചനയുണ്ട്.