കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പോലീസ് മർദിച്ച സംഭവത്തിൽ പോലീസുകാരെ സംരക്ഷിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പോലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനും മർദനമേറ്റത് സ്റ്റേഷനിൽവച്ചുതന്നെയാണെങ്കിലും മർദിച്ചതാരാണെന്നതിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
പോലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദിച്ചതാരാണെന്ന് അറിയില്ല.
സ്റ്റേഷനു പുറത്തുവച്ചാണ് ഇരുവർക്കും മർദനമേറ്റതെന്ന പോലീസ് വാദവും റിപ്പോർട്ട് തള്ളി. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്.പോലീസിനെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് മർദനമേറ്റ വിഘ്നേഷ് പ്രതികരിച്ചത്.
ജീവിതം തകർത്തു, ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കി, ഏറ്റവും ക്രൂരമായി മർദിച്ചവർക്കെതിരേ യാതൊരു നടപടിയുമില്ലെന്ന രീതി. ഇതിനെതിരേ ഏതറ്റം വരെയും പോരാടുമെന്നും വിഘ്നേഷ് പറഞ്ഞു.