കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ജവാൻ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും മർദിച്ച സംഭവത്തിൽ ന്യായീകരണവുമായി സസ്പെൻഷനിലായ എസ്ഐ അനീഷ്. അദ്ദേഹത്തിന്റെ ശബ്ദശന്ദേശം പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ ഗൗരവമേറുന്നു.
ഡ്യൂട്ടിയിലുള്ള പോലീസുകാരെ മർദിച്ച പ്രതികൾ രക്ഷപെടാതിരിക്കാൻ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന ശബ്ദസന്ദേശമാണ് പുറത്തായത്.
സിഐയും താനും സ്ഥലത്തില്ലായിരുന്നുവെന്നും എസ്ഐ അനീഷ് പറയുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ന്യായീകരണം.
ദൃശ്യങ്ങളുടെ കുറച്ചുഭാഗം മാത്രം പുറത്തുവിട്ടതോടെ പോലീസിന്റെ ക്രൂരതയുടെ മുഖം ഒന്നൊന്നായി പുറത്തുവരികയാണ്. ഇത് പോലീസിന് തന്നെ തിരിച്ചടിയാകുന്നു.
സൈനികനും സഹോദരനുമാണ് പോലീസിനെ ആക്രമിച്ചതെന്ന് സ്ഥാപിക്കാൻ പുറത്തുവന്ന സിസിടിവിദൃശ്യത്തിൽ മഫ്തിയിലായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രൻ സൈനികനായ വിഷ്ണുവിന്റെ കരണത്തടിക്കുന്ന ദൃശ്യമാണ് ആദ്യം വന്നത്.
വീണ്ടും അടിക്കുന്പോൾ തിരിച്ചടിക്കുന്ന സൈനികനേയും കാണാം.ഇതിനുശേഷം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് സൈനികന്റെ കുടുംബത്തിനും പൊതുജനങ്ങൾക്കും അറിയേണ്ടത്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ കുറച്ചുഭാഗം മാത്രമെയുള്ളു.വിഷ്ണുവിനെ നിലത്തിട്ട് മർദിക്കുന്നതും ഇയാളുടെ വസ്ത്രം വലിച്ചുകീറുന്നത് ഉൾപ്പടെയുള്ള ദൃശ്യങ്ങളും ഇരുവരെയും അടുത്തമുറിയിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള സംഭവങ്ങളുമുണ്ട്.
ഇതിനുശേഷമാണ് സിഐ വിനോദും എസ്ഐ അനീഷും മറ്റ് പോലീസുകാരും ചേർന്ന് തങ്ങളെ കൊടിയ പീഡനത്തിനിരയാക്കിയതെന്ന് വിഘ്നേഷ് പറഞ്ഞു.
ഈ ദൃശ്യങ്ങൾ എവിടെ പോയി. ഇതാണ് കണ്ടെത്തണ്ടതെന്നും വിഘ്നേഷ് മാധ്യമങ്ങളോട് പറയുന്നു. രണ്ട്മാസം മുന്പുവരെ മൂടിവച്ച സംഭവമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
അന്വേഷണസംഘം എത്രയും പെട്ടെന്ന് സ്റ്റേഷനിലെ തുടർ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും വിഘ്നേഷ് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ചുപേർക്കെതെതിരേയും നടപടി ഉണ്ടാകണമെന്നും വിഘ്നേഷ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സൈനിക തലത്തിൽ അന്വേഷണം തുടങ്ങി
കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ കരസേന സിഗ്നൽ വിഭാഗം ജീവനക്കാരനായ വിഷ്ണുവിനെയും സഹോദരനേയും മർദിച്ച സംഭവത്തിൽ കരസേന അന്വേഷണം തുടങ്ങി.
പാങ്ങോട് ക്യാന്പിൽനിന്നുള്ള ഉദ്യോഗസ്ഥർ വിഷ്ണുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. കേന്ദ്ര സേനയിൽപ്പെട്ടവർ ഏതെങ്കിലും കേസിൽപ്പെട്ടാൽ അത് കേന്ദ്രസേനാ ഓഫീസിൽ അറിയിക്കണമെന്ന നിയമം കിളികൊല്ലൂർ പോലീസ് ലംഘിച്ചു.
സംഭവത്തിൽ കരസേനാ മേധാവി ഡിജിപിയോട് വിശദീകരണം തേടുമെന്നും സൂചനയുണ്ട്. അതേസമയം സൈനികന് റെകുടുംബം ഇന്നോ നാളെയോ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയേക്കും.
സിഐയേയും എസ്ഐയേയും രക്ഷപ്പെടുത്താൻ ശ്രമം
സംഭവത്തിൽ സിഐവിനോദും എസ്ഐ അനീഷും നിരപരാധിയാണെന്ന് വരുത്തി തീർക്കാൻ പോലീസിൽ തന്നെ ഒരു വിഭാഗം ശ്രമം നടത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അവർ പ്രചാരണംനടത്തുകയാണ്.
സൈനികനെ മർദിക്കുന്ന പ്രകാശ് ചന്ദനിൽ മാത്രം കുറ്റം ചുമത്താനാണ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ആരോപണമുണ്ട്.
പുറത്തുവിട്ട ദൃശ്യങ്ങളിൽ ഈ പോലീസുകാരൻ സൈനികനെ അടിക്കുന്ന രംഗത്തോടെയാണ് തുടക്കം. അതേസമയം ഇത് സംബന്ധിച്ച് ഒരു ദൃശ്യവും ഇല്ലെന്ന് പറഞ്ഞ പോലീസ് ഇത് പുറത്തുവിട്ടതിൽ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ അതൃപ്തരാണ്.