വെഞ്ഞാറമൂട്: കിളിമാനൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വയോധികന് വീടൊരുക്കി നൽകി. കിളിമാനൂർ പാപ്പാല കല്ലറക്കോണം കോഴിക്കോട്ടുവിള വീട്ടിൽ കുഞ്ഞിരാമൻ (72) നാണ് പോലീസിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്.
കല്ലറകോണത്തുള്ള മൂന്ന് സെന്റ് ഭൂമിയിൽ ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ മൺഭിത്തിയിൽ ടാർപ്പോളിൻ കൊണ്ട് മൂടിയ കുടിലിലാണ് കുഞ്ഞിരാമൻ താമസിച്ചുവരുന്നത്.
സമീപവാസികളുടെയും സുമനസുകളുടേയും കനിവിലായിരുന്നു ഭക്ഷണംപോലും ലഭിച്ചിരുന്നത്. വയോധികന്റെ ദുരവസ്ഥ സമീപ പ്രദേശത്ത് പരാതി അന്വേഷിക്കാനെത്തിയ ജനമൈത്രി പോലീസ് കോ-ഒാർഡിനേറ്റർമാരായ സവാദ്ഖാൻ , പ്രദീപ് ജനമൈത്രി ബീറ്റ് ഓഫീസർ റിയാസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും വിവരം മേലുദ്യോഗസ്ഥരെ ധരിപ്പിക്കുകയുമായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യാ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം അടിയന്തരമായി വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.
വീടിന്റെ താക്കോൽദാനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ വി. ഗോപിനാഥ് നിർവഹിച്ചു.
ചടങ്ങിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ഡി. സുനീഷ്ബാബു, നാർക്കോട്ടിക്സെൽ ഡിവൈഎസ്പി വി.ടി.രാശിത്ത്, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ, കിളിമാനൂർ ഐഎസ്എച്ച്ഒ എസ്. സനൂജ് , എസ്ഐ വിജിത്ത് കെ. നായർ , കെപിഎ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ ,വാർഡ് മെമ്പർ അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.