മലപ്പുറത്തെ വേങ്ങരക്കടുത്ത് കിളിനക്കോട് കല്യാണത്തിന് പോയ ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ നടത്തിയ ലൈവ് ഇപ്പോള്‍ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരേ സൈബര്‍ ആക്രമണവുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇതോടെ കല്യാണവീട്ടിലെ പ്രശ്നം മലപ്പുറവും കടന്ന് മറ്റൊരു തലത്തിലേക്ക് എത്തി.
കൂട്ടുകാരിയുടെ വിവാഹത്തിനെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവം തമാശരൂപേണെ വിവരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ആരംഭിച്ചു. ഇവരെ അധിക്ഷേപിക്കുന്ന മറുപടികളുമായി കിളിനക്കോട് സ്വദേശികളാണെന്ന് പരിചയപ്പെടുത്തുന്ന പുരുഷന്മാര് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും രംഗത്തെത്തി.
സെല്‍ഫിയെടുത്തതിനും ആണ്‍കുട്ടികള്‍ക്ക് ഒപ്പം നിന്നതിനുമാണ് അവരോട് നാട്ടുകാര്‍ ദേഷ്യപ്പെട്ടതെന്നും അത്തരം തോന്ന്യവാസങ്ങള്‍ അംഗീകരിക്കാത്ത സംസ്കാരമാണ് ഞങ്ങളുടെ നാടിനുള്ളതെന്നും ഇവര്‍ ദൃശ്യങ്ങളില്‍ പറയുന്നു. ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും അധിക്ഷേപിക്കുകയും നട്ടുച്ചയ്ക്ക് നടുറോഡിലൂടെ നടത്തിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതി പറയുന്നു.
പെണ്‍കുട്ടികള്‍ നടത്തിയ ഫേസ്ബുക്ക് വീഡിയോ ഇങ്ങനെ – ഇവിടത്തെ ചെക്കന്മാര് പോലും കണക്കാണ്, ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് ഇവിടെ ഉളളവര്‍. ഈ പ്രദേശത്തേക്ക് വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരുന്നതാകും നല്ലത്. കഴിയുന്നതും ഈ പ്രദേശത്തേക്ക് ആരും കല്ല്യാണം കഴിച്ച് വരാതിരിക്കുക. ലൈവ് വൈറലായതോടെ പണിപാളി. ഒരു പറ്റം ആളുകള്‍ ഇവര്‍ക്കെതിരെ രംഗത്തു വന്നു.
സൈബര്‍ ആക്രമണം രൂക്ഷമായതോടെ പെണ്‍കുട്ടികളും രക്ഷിതാക്കളും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. സംഭവത്തെപ്പറ്റി വടകര എസ്ഐ സംഗീത് പുനത്തില്‍ പറഞ്ഞതിങ്ങനെ- വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വൈകുന്നരം അഞ്ചുമണിയോടെ പെണ്‍കുട്ടികളും രക്ഷിതാക്കളും പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടികളെ അധിക്ഷേപിച്ചതിനും സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറെ വൈകിയാണ് പെണ്‍കുട്ടികള്‍ സ്റ്റേഷനില്‍ നിന്നും പോയത് ആരും അവരെ സ്റ്റേഷനില്‍ തടഞ്ഞില്ലെന്നും ആരും അവരെ വിളിച്ചു വരുത്തിയതല്ല അവര്‍ നേരിട്ടു വന്നു പരാതി നല്‍കുകയായിരുന്നുവെന്നും എസ്ഐ പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നതിന്റെയും പുറത്ത് ജനക്കൂട്ടം തടിച്ചു കൂടിയതിന്റേയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് വേങ്ങര പൊലീസ് വ്യക്തമാക്കി. സഹപാഠിയുടെ വിവാഹത്തിനെത്തിയപ്പോള്‍ ചിലര്‍ ശല്യം ചെയ്തെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയോടനുബന്ധിച്ച് 6 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.