ഇരിട്ടി: അന്തർസംസ്ഥാന പാതയായ കിളിയന്തറയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ചെക്ക് പോസ്റ്റ് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റാന്‍ അധികൃതർ തയാറാകാത്തതിനാല്‍ നൂറുമീറ്റര്‍ ഭാഗത്ത് റോഡ് നിര്‍മാണം താത്കാലികമായി നിർത്തിവച്ചു.
തലശേരി – കൂട്ടുപുഴ (വളവുപാറ) റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മാടത്തില്‍ മുതല്‍ കൂട്ടപുഴവരെയുള്ള ഭാഗത്ത് കിളിയന്തറയിൽ മാത്രമാണ് ടാറിംഗ് പ്രവര്‍ത്തി നടത്താത്തത്. വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം എപ്പോള്‍ വേണമെങ്കിലും ഒഴിയാമെന്ന് ആര്‍ടിഒ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഒഴിവായിട്ടില്ല.
കിളിയന്തറയിലെ റവന്യുഭൂമിയില്‍ തന്നെ കണ്ടയ്നര്‍ ഉപയോഗിച്ച് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്നാണ് കെഎസ്ടിപി ഒടുവില്‍ വച്ചിരിക്കുന്ന നിര്‍ദേശം. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഭൂമിയും കെഎസ്ടപി അക്വയര്‍ ചെയ്തതാണ്.