ജനീവ: അഞ്ചു മക്കളെ കൊലപ്പെടുത്തിയ ബൽജിയം വനിതയെ ദയാവധത്തിന് വിധേയയാക്കി. 56കാരിയായ ഹെർമിറ്റെയാണ് ദയാവധത്തിന് വിധേയയായത്.
2007 ഫെബ്രുവരി 28നായിരുന്നു ഭർത്താവില്ലാത്ത സമയത്ത് മൂന്നു മുതൽ 14 വയസുവരെ പ്രായമുള്ള നാലു പെൺമക്കളടക്കം അഞ്ചു മക്കളെ ഹെർമിറ്റെ വധിച്ചത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
2008ൽ ഹെർമിറ്റെയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ഹെർമിറ്റെയ്ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും ജയിലിലേക്കയയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും നിഷേധിച്ചു.
ജയിലിൽ കഴിയവേ ചികിത്സിച്ചിരുന്ന സൈക്കാട്രിസ്റ്റിനെതിരേ 2010ൽ ഹെർമിറ്റെ പരാതി നൽകി. കൊലപാതകം തടയാൻ സൈക്കാട്രിസ്റ്റിനായില്ലെന്നും മൂന്നു മില്യൻ യൂറോ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ പത്ത് വർഷത്തിനുശേഷം കേസ് ഹെർമിറ്റെ ഉപേക്ഷിച്ചു.
2019ൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ കൊല്ലപ്പെട്ട ഫെബ്രുവരി 28 തന്നെയായിരുന്നു മരണത്തിനായി ഹെർമിറ്റെ തെരഞ്ഞെടുത്തത്. 2022ൽ മാത്രം 2,966 പേർ ബൽജിയത്തിൽ ദയാവധത്തിന് വിധേയരായി.