
വയനാട് തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ തമിഴ്നാട് ചേരാങ്കോട് കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റിട്ടും പിടിതരാതെ കൊമ്പന് കാട്ടിലേക്ക് മാറുകയായിരുന്നു. നാല് പേരെയാണ് രണ്ടാഴ്ച്ചക്കിടെ ഈ കാട്ടാന കൊന്നത്.
കൊലയാളി കാട്ടാനയെ ചപ്പുംതോട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മയക്കു വെടിയേറ്റ കാട്ടാന തൊട്ടടുത്തുണ്ടായിരുന്ന ആനകൂട്ടത്തിനൊപ്പം ചേര്‍ന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കൊമ്പനും ആനക്കൂട്ടവും ഉള്‍കാട്ടിലേക്ക് കടന്നു.
കൊലയാളി ആനയെ പിടികൂടാന്‍ അമ്പതോളം വനപാലകരാണ് ശ്രമം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ താപ്പാനകളെയും എത്തിച്ചു. ചെങ്കുത്തായ മല മുകളിലാണ് ആദ്യം കാട്ടാനയെ കണ്ടത്.
ഇനി മയക്കുവെടിയേറ്റ് മയങ്ങിയാല്‍ തന്നെ ആനയെ നിരന്ന പ്രദേശത്തു കൂടി മാത്രമേ നടത്തി കൊണ്ടു പോകാന്‍ കഴിയൂ. ഇതും തടസമാണ്.
രണ്ടാഴ്ച്ചക്കിടെ നാല് പേരെയാണ് കൊളപ്പള്ളി മേഖലയില്‍ കൊമ്പന് കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊലയാളി ആനയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്.