കട്ടക്ക്: മൂന്നു പേരെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി പോലീസ്. ഒഡീഷയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകി.
തെരുവിൽ കഴിയുന്ന മൂന്നു പേരെയാണ് 48 മണിക്കൂറിനകം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. സമാന രീതിയിലാണ് ഈ മൂന്ന് കൊലപാതകങ്ങളും നടന്നത് എന്നതിനാൽ സംഭവത്തിനു പിന്നിൽ സൈക്കോ കില്ലറാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ എന്തിനാണ് കൊല നടത്തുന്നതെന്നോ വ്യക്തമല്ല.
ചൊവ്വാഴ്ച രാവിലെയാണ് റാണിഹത് പാലത്തിനു സമീപത്തു നിന്നും ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കൽ കോളജിന് സമീപത്തുനിന്നും ഒഎംപി മാർക്കറ്റിന് സമീപത്തു നിന്നുമാണ് മറ്റു രണ്ട് മൃതദേഹങ്ങളും തലയറുത്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളുടെയും കഴുത്തറുത്ത് ഭാരമുള്ള വസ്തു കൊണ്ട് തലയക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു എന്നതിനാലാണ് സംശയം സൈക്കോ കില്ലറിലേക്ക് നീളുന്നത്.
മൂന്ന് കൊലപാതകങ്ങളും ഒരേ രീതിയിലാണ് നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ കൊല നടത്തിയത് ഒരാൾ തന്നെ എന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട മൂന്നുപേരും 40 വയസിനു മുകളിൽ പ്രായമുള്ളവരാണ്. അതേസമയം കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നമുള്ള വ്യക്തിയാണോ എന്നും സംശയിക്കുന്നതായി കമ്മീഷണർ സത്യജിത് മൊഹന്തി പറഞ്ഞു.
സംഭവത്തെ തുടർന്ന് രാത്രികാല നൈറ്റ് പട്രോളിംഗ് കർശനമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചതായും ഡി സി പി അഖിലേഷ്വർ സിങ് പറഞ്ഞു. സംഭവത്തെത്തുടർന്ന് തെരുവിലുറങ്ങുന്നവർക്ക് സംരക്ഷണം നൽകാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഉൗർജിതമാക്കാനാണ് പോലീസ് നീക്കം. രണ്ട് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 13 പേരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.