അനാമിക
പോലീസ് വാഹനങ്ങൾ നിരന്നുകിടന്ന വഴിയിലൂടെ നടക്കുന്പോൾ അത് അവരുടെ കീല്ലിയാകരുതേ എന്നയാൾ പ്രാർഥിച്ചു. ഇരുട്ടാണ്, ചുറ്റും ജനങ്ങൾ കൂടിനിൽക്കുന്നു.
പോലീസുകാരിൽ ഒരാൾ വന്ന് അദ്ദേഹത്തെ പാർക്കിന്റെ ഒറ്റപ്പെട്ട വശത്തേക്കു കൂട്ടിക്കൊണ്ടുപോയി. ടോർച്ചിന്റെ വെളിച്ചത്തിൽ കീല്ലിയുടെ കൈയിൽകിടന്ന ബ്രേസ്ലറ്റിന്റെ തിളക്കം അയാളുടെ കണ്ണിലുടക്കി. അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു മുഖംപൊത്തി. “അതേ, ഇതു ഞങ്ങളുടെ കീല്ലി തന്നെ…” തളർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
കൂട്ടുകാർക്കൊപ്പം
കൂട്ടുകാർക്കൊപ്പം പാർട്ടിയുണ്ടെന്നു പറഞ്ഞ് കീല്ലി ബങ്കർ എന്ന ഇരുപതുകാരി വീടുവിട്ടിറങ്ങിയിട്ടു രണ്ടു പകലും ഒരു രാത്രിയും കഴിഞ്ഞു. 18ന് ബിർമിംഗ് ഹാമിൽ ഒരു സംഗീതനിശയിൽ പങ്കെടുക്കണം. അതുകഴിഞ്ഞു നേരെ ക്ലബ്ബിലേക്ക്, കൂട്ടുകാർക്കൊപ്പം. ഇതായിരുന്നു ആ രാത്രിയിലെ അവളുടെ പരിപാടികൾ.
വ്യാഴാഴ്ച പുലർച്ചെ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് ബുധനാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതെങ്കിലും അവൾ വാക്കുപാലിച്ചില്ല. പുലർച്ചെ എത്തുമെന്നു പറഞ്ഞ മകൾ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ കീലിയുടെ കുടുംബം പരിഭ്രാന്തരായി. മകളെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ ക്രിസ്റ്റഫർ പോലീസിൽ പരാതി നൽകി.
വസ്ത്രങ്ങൾ നഷ്ടമായി
19ന് രാത്രിയോടെ കീല്ലിയുടെ കുടുംബത്തെത്തേടി ആ ദുഃഖവാർത്ത വന്നു. കീല്ലി ബങ്കർ അവരെ വിട്ടുപോയി! എന്താണ് സംഭവിച്ചതെന്നറിയാതെ ആ കുടുംബം വിറച്ചു. വിവരം സ്ഥിരീകരിക്കാനായി കീല്ലിയുടെ അമ്മാവൻ ജാസൺ സ്റ്റാഫോർഡ്ഷൈറിലെ ടാംവർത്തിലുള്ള വിഗിംഗ്ടൺ പാർക്കിലേക്കു പുറപ്പെട്ടു.
അദ്ദേഹമാണ് മൃതദേഹം കീല്ലിയുടേതുതന്നയാണെന്ന് ഉറപ്പിച്ചത്. എന്നിട്ടും അത് അവൾ ആകാതിരിക്കണേയെന്ന് അയാൾ വീണ്ടും വീണ്ടും പ്രാർഥിച്ചു. തല കുളത്തിലേക്കു മുക്കിയ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കീല്ലിയുടെ ശരീരത്തിൽ പാന്റ്സോ അടിവസ്ത്രമോ ഉണ്ടായിരുന്നില്ല.
കീല്ലിയുടെ മൃതദേഹത്തിൽനിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതു മാനഭംഗമാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. തുടരന്വേഷണത്തിൽ കീല്ലിക്കൊപ്പം അവസാനം കണ്ടത് വെസ്ലി സ്ട്രീറ്റ് എന്ന സുഹൃത്തിനെയാണെന്നു പോലീസ് തിരിച്ചറിഞ്ഞു.
പാർക്കിൽ വന്നത്
വീട്ടിൽനിന്നു സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്കു പോയ പെൺകുട്ടി എന്തിന് പാർക്കിൽ വന്നു? കൊലപ്പെടുത്താൻ മാത്രം ആർക്കാണ് അവളോടു ശത്രുതയുള്ളത്? ഉണ്ടെങ്കിൽത്തന്നെ എന്തിന്?… തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് കീല്ലി ബങ്കർ കൊലപാതകത്തിന്റെയും അന്വേഷണം ആരംഭിച്ചത്.
തുടക്കം മുതൽതന്നെ കീല്ലിയുടെ സുഹൃത്തുക്കളെ സംബന്ധിച്ചു കുടുംബം പോലീസിനോടു സംസാരിച്ചിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് കീല്ലി പാർട്ടിക്കു പോയതെന്നും അതിൽ ഒരാൾ അത്ര നല്ല വ്യക്തിയാണെന്നു തോന്നുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. കീല്ലിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു വ്യക്തമായിരുന്നു.
വൈകാതെതന്നെ അന്വേഷണം കീല്ലിയുടെ ആൺ സുഹൃത്തായ വെസ്ലി സ്ട്രീറ്റിലേക്കു തിരിഞ്ഞു. പെൺകുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിക്കേണ്ട സുഹൃത്തുതന്നെയാണ് അവളുടെ ജീവനെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തറപ്പിച്ചു പറഞ്ഞപ്പോഴും സ്ട്രീറ്റ് കുറ്റം സമ്മതിക്കാൻ തയാറായില്ല.
സ്ഥിരമായി ഒരു മേൽവിലാസം പോലും ഇല്ലാത്ത സ്ട്രീറ്റ് കള്ളം പറയുകയാണെന്ന് അന്വേഷണ സംഘം കരുതി.
ആ രാത്രി സംഭവിച്ചത്?
സംഗീതനിശയിൽ പങ്കെടുത്ത ശേഷം കീല്ലിയും സുഹൃത്തുക്കളും തൊട്ടടുത്തുള്ള ക്ലബിലേക്കു പോയി. അവിടെ അവർ ആടിയും പാടിയും മതിവരുവോളം ആഘോഷിച്ചു. പാട്ടിനൊപ്പം മദ്യംകൂടിയായതോടെ ആഘോഷരാവിനു വീര്യംകൂടി.
ആ രാത്രി സുഹൃത്ത് സ്ട്രീറ്റ് അമിതമായി മദ്യപിച്ചിരുന്നു. ബാറിൽനിന്നിറങ്ങി ഈ സംഘം നേരെ പോയതു കീല്ലിയുടെ സുഹൃത്തിന്റെ ടാംവർത്തിലുള്ള വീട്ടിലേക്കാണ്. നന്നേ ക്ഷീണിതയായിരുന്ന കീല്ലിയോടു അവിടെ തങ്ങാമെന്നും അടുത്ത ദിവസം രാവിലെ വീട്ടിലേക്കു പോയാൽ മതിയെന്നും സുഹൃത്ത് പറഞ്ഞെങ്കിലും അവൾ കേട്ടില്ല.
തനിക്കു നല്ല ക്ഷീണമുണ്ടെന്നും എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നുമായിരുന്നു മറുപടി. സ്ട്രീറ്റ് ഒപ്പമുണ്ടെന്നും അവൻ തൊട്ടടുത്താണ് താമസിക്കുന്നതെന്നും ഒരുമിച്ചു പൊയ്ക്കോളാമെന്നും പറഞ്ഞാണ് കീല്ലി വീട്ടിൽനിന്നിറങ്ങിയതെന്നും സുഹൃത്ത് ഓർക്കുന്നു.
ഉറ്റ സുഹൃത്ത് തന്നെ സുരക്ഷിതയായി വീട്ടിലെത്തിക്കുമെന്നു കീല്ലി പ്രതീക്ഷിച്ചെങ്കിലും അവൾക്കു പിന്നീടു വീട്ടിലേക്കു മടങ്ങാൻ സാധിച്ചതേയില്ല. വീട്ടിലേക്കു വെറും ഇരുപതു മിനിറ്റ് നടക്കാവുന്ന ദൂരത്തിൽനിന്ന് അവൾ നടന്നതു മരണത്തിന്റെ വഴിയിലേക്കായിരുന്നു.
തുറന്നുപറച്ചിൽ
“ഒരു തികഞ്ഞ കുറ്റവാളിയുടെ മികവോടെയാണ് സ്ട്രീറ്റ് പോലീസിന്റെ ചോദ്യം ചെയ്യലിനെ നേരിട്ടത്. വിശ്വസനീയമായ പല കള്ളങ്ങളും അവൻ പറഞ്ഞുകൊണ്ടേയിരുന്നു.
കീല്ലിയെ തൊട്ടടുത്തുള്ള ഒരു ടെലിഫോൺ ബൂത്തിൽ എത്തിച്ചിട്ടാണ് അവൻ പിരിഞ്ഞതെന്നു കീല്ലിയുടെ കുടുംബത്തെയും പോലീസിനെയും ധരിപ്പിച്ചു. അവൾക്കൊപ്പം നടന്ന വഴികൾപോലും അവൻ കാണിച്ചുതന്നു.” പ്രോസിക്യൂട്ടർ ജേക്കബ് ഹാലം തുടർന്നു.
” പക്ഷേ, സിസി ടിവി ദൃശ്യങ്ങൾ അവന്റെ കളവുകൾ പൊളിച്ചടുക്കി. സിസി ടിവി മാത്രമല്ല, അവന്റെ മൊബൈൽ ടവർ ലൊക്കേഷനും ഡിഎൻഎയും എല്ലാം അവന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു. ഒടുവിൽ സ്ട്രീറ്റ് സംഭവിച്ചതൊക്കെയും തുറന്നുപറഞ്ഞു.
കൊടും കുറ്റവാളി
ഇതു പെട്ടെന്നുണ്ടായ മരണമല്ലെന്ന് ഉറപ്പാണ്. കാരണം ബോധം മറയണമെങ്കിൽ പത്തു മുതൽ പതിനഞ്ചു സെക്കൻഡ് വരെ സമയമെടുക്കും. എന്നാൽ, കീല്ലിയുടെ കാര്യത്തിൽ ഇതു രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ നീണ്ടു. ആദ്യ സെക്കൻഡുകളിൽ ശ്വാസം കിട്ടാതെ വരുന്നതുകൊണ്ടുതന്നെ അവർ കഴുത്തിൽ മുറുകുന്ന വസ്തുവിൽ തീർച്ചയായും പിടിമുറുക്കും.
ഇതിനു സമാനമായ പാടുകൾ കീല്ലിയുടെ ശരീരത്തിലും കഴുത്തിലുമുണ്ട്. മാത്രമല്ല, സ്ട്രീറ്റ് കീല്ലിയുടെ മുഖത്തും കഴുത്തിലും പിടിമുറുക്കുന്നതായുള്ള ദൃശ്യങ്ങൾ സിസിടിവിയിൽനിന്നു ലഭിച്ചു. കൂടാതെ പുലർച്ചെ 04.18 മുതൽ 04.52 വരെ പാർക്കിന്റെ പരിസരത്തുണ്ടായിരുന്നതായി അയാളുടെ ഫോൺ ലൊക്കേഷൻ സൂചിപ്പിച്ചു.
കീല്ലിയുടെ ഫോണും അതേ ടവർ ലൊക്കേഷനിൽ തന്നെയുണ്ടായിരുന്നു. ശേഷം 04.58ഓടെ സ്ട്രീറ്റിന്റെ ലൊക്കേഷൻ സിഗ്നൽ കീല്ലിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്കു മാറി. സ്ട്രീറ്റിന്റെ ടീഷർട്ടിൽ കീല്ലിയുടെ മേക്കപ്പിന്റെ പാടുകൾ കണ്ടതും കൊലയാളി അയാൾ തന്നെയെന്നതു സാധൂകരിച്ചു.”- ഹാലം പറഞ്ഞു.
അവളുടെ പതിനാറാം ജന്മദിനത്തിലാണ് വഴിവിട്ട ബന്ധത്തിനു നിർബന്ധിച്ചിട്ടു കീല്ലി വഴങ്ങാത്തതിൽ ജീവൻ നഷ്ടമായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രീറ്റിന്റെ ക്രൂരതകൾക്കു വിധേയയായ ഏക പെൺകുട്ടി കീല്ലിയല്ലെന്നും മുൻപ് മറ്റു പെൺകുട്ടികളെയും അയാൾ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുതകൂടി അന്വേഷണ സംഘം കണ്ടെത്തി.
കീല്ലി കൊലപാതകത്തിനു പുറമേ ഒരു കുട്ടിയെ ഉൾപ്പെടെ ആറു പേരെ സ്ട്രീറ്റ് ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. സ്റ്റാഫോർഡ് ക്രൗൺ കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.