ലണ്ടൻ: തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ മാറ്റം വരുത്താനൊരുങ്ങി ശാസ്ത്രജ്ഞർ. പാരീസിൽ നടക്കുന്ന ജനറൽ കോൺഫറൻസ് ഓൺ വെയ്റ്റ്സ് ആൻഡ് മെഷേഴ്സിൽ വെള്ളിയാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. തൂക്കത്തിനെതിരെ വോട്ട് ചെയ്താൽ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി നിർവചിച്ച അവസാനത്തെ അളവുകോലും ഇല്ലാതാവും.
പാരീസിലെ രാജ്യാന്തര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിരിക്കുന്ന 90 ശതമാനം പ്ലാറ്റിനവും 10 ശതമാനം ഇറിഡിയവും ചേർന്ന ലോഹസിലിണ്ടറാണ് ഒരു നൂറ്റാണ്ടിലേറെയായി കിലോഗ്രാമിന്റെ തൂക്കം നിർവചിച്ചിരുന്നത്. കിലോഗ്രാമിന്റെ അടിസ്ഥാനം അഥവാ പ്രോട്ടോടൈപ്പ് ഇതിന്റെ തൂക്കമാണ്. 1795ൽ ലൂയീസ് പതിനാറാമൻ രാജാവ് ഏർപ്പെടുത്തിയ ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിച്ചു.
എന്നാൽ ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി നിർവചിക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. കാലപ്പഴക്കം മൂലം ഈ സിലിണ്ടറിൽ വരുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തിൽ മാറ്റം വരുത്തി തുടങ്ങിയതോടെയാണ് ക്ലിപ്തവും ശാസ്ത്രീയവുമായ മാർഗങ്ങളെക്കുറിച്ച് ആലോചിക്കാൻ ആരംഭിച്ചത്. ഈ സിലിണ്ടറിൽ ഒരു തരി പൊടിയോ മറ്റു വസ്തുക്കളോ പറ്റിപ്പിടിച്ചാൽ പോലും അളവിൽ മാറ്റമുണ്ടാകും.
അതിനാൽ, പ്രകാശവേഗം അടിസ്ഥാനമാക്കിയ പ്ലാൻക്സ് കോൺസ്റ്റന്റ് ഉപയോഗിച്ച് കിലോഗ്രാം കണക്കാക്കാനുള്ള സങ്കീർണമായ സംവിധാനം ഇനി നിലവിൽ വരും. നിർവചനം മാറ്റുന്നത് സാധാരണനിലയിലുള്ള അളവുതൂക്ക പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ല. നവംബർ 16നാണ് കിലോഗ്രാമിന്റെ അടിസ്ഥാനതൂക്കത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ചുള്ള വോട്ടെടുപ്പ് നടക്കുക.