ടി.ജി.ബൈജുനാഥ്
കോവിഡ് ഭീതിയിൽ ജനം യാത്രകൾക്കു മടിക്കുന്ന വർത്തമാനകാലത്ത് യാത്രകളിലൂടെ കഥ പറയുന്ന ഒരു സിനിമ വരുന്നു… ജിയോ ബേബി സംവിധാനം ചെയ്ത ഫണ്‍ – ട്രാവൽ – റൊമാന്റിക് എന്റർടെയ്നർ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്.
മലയാള സിനിമാചരിത്രത്തിലാദ്യമായി മിനി സ്ക്രീനിലാണ് സിനിമയുടെ റിലീസ്…ഓണത്തിന് ഏഷ്യാനെറ്റിൽ. കേരളം മുതൽ കാഷ്മീർ വരെ ബുള്ളറ്റിൽ കറങ്ങുന്ന ഒരു കോട്ടയംകാരൻ പയ്യന്റെയും ഒരു അമേരിക്കൻ പെൺകുട്ടിയുടെയും കഥ.
ടോവിനോയും അമേരിക്കൻ നടി ഇന്ത്യ ജാർവിസുമാണ് പ്രധാന വേഷങ്ങളിൽ.“ വർഷങ്ങളായി ചെയ്യണമെന്ന് ആഗ്രഹിച്ച് ഏറെ നടന്മാരുടെയും പ്രൊഡ്യൂസർമാരുടെയും പുറകേപോയ സിനിമയാണ് ഇപ്പോൾ ടോവിനോയിലൂടെ സംഭവിച്ചത്.
എന്റെ ആദ്യചിത്രമായി ചെയ്യാനിരുന്ന വലിയ പ്രോജക്ടാണിത്.
” ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ജിയോ ബേബി സംസാരിക്കുന്നു.
ടോവിനോ
ആദ്യമായി സിനിമ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരാർട്ടിസ്റ്റിന്റെ ഡേറ്റ് കിട്ടാനും സിനിമയുടെ കാര്യങ്ങളെല്ലാം അനുകൂലമായി വരാനും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു.
അതിനാൽ ഈ പ്രോജക്ട് മാറ്റിവയ്ക്കുകയും താരതമ്യേന ബജറ്റ് കുറഞ്ഞതും താരങ്ങളില്ലാത്തതുമായ രണ്ടു പെണ്‍കുട്ടികൾ, കുഞ്ഞുദൈവം എന്നീ സിനിമകളിലേക്കു കടക്കുകയും ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടും ഈ സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട്. പലപല കാരണങ്ങളാൽ അന്നു സിനിമ നടന്നില്ല.
രണ്ടു പെണ്‍കുട്ടികളിൽ ഗസ്റ്റ് അപ്പിയറൻസായിരുന്നു ടോവിനോ. ആ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം കാണിച്ച മനോഭാവം നോക്കിയപ്പോൾ ഞാനുമായി ഏകദേശം സെറ്റാകുന്ന ആളാണെന്നു തോന്നി. എനിക്കു വേണ്ടത് ഈ കഥാപാത്രം ചെയ്യാൻ പറ്റിയ ഒരു നടനെ ആയിരുന്നു.
അയാളിലെ നടന് ഇതു ചെയ്യാൻ പറ്റും എന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. അങ്ങനെ ഷൂട്ടിന്റെ സമയത്ത് ടോവിയോട് ഈ സിനിമയുടെ കഥ പറഞ്ഞു. ഈ സിനിമ ചെയ്യാമെന്നു വളരെ ആവേശത്തോടെ ടോവി സമ്മതിച്ചു.
2015 ൽ ടോവിനോ ഈ കഥ കേട്ടപ്പോൾ അദ്ദേഹം താരമായിട്ടില്ല. എന്റെ പേരു പറഞ്ഞാലോ ടോവിനോയുടെ പേരു പറഞ്ഞാലോ ഒരു പ്രൊഡ്യൂസറും റെഡിയാവാത്ത സമയമായിരുന്നു അത്. പിന്നീടു ടോവിനോയ്ക്കു സ്റ്റാർഡമൊക്കെയായ ‘ഗോദ’യ്ക്കു ശേഷം ഈ സിനിമ ചെയ്യാൻ നോക്കി. അപ്പോഴും പല പ്രശ്നങ്ങളും വന്നു.
പല നിർമാതാക്കളും പിന്മാറി. ഈ സിനിമയിലുള്ള കോണ്‍ഫിഡൻസ് കാരണം ടോവിനോ നിർമാണ സന്നദ്ധത അറിയിച്ചു. സപ്പോർട്ടായി ടോവിനോയുടെ സുഹൃത്തുക്കളായ റംഷി അഹമ്മദ്, ഇതിന്റെ കാമറാമാൻ സിനു സിദ്ധാർഥ് എന്നിവരും വന്നു. അവസാന ഘട്ടത്തിലാണ് ആന്റോജോസഫ് വന്നത്.
പ്രിയദർശന്റെ സിനിമയുമായി മറ്റു ബന്ധങ്ങളില്ല
വലിയ ഒരു യാത്രയെക്കുറിച്ചാണു സിനിമ. പ്രിയദർശന്റെ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിലെ സംഭാഷണത്തിലൂടെ എല്ലാവർക്കും അറിയാവുന്നതാണ് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന വാചകം.
അതി നപ്പുറം ആ സിനിമയുമായോ അതിലെ സാഹചര്യങ്ങളുമായോ ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. മലയാളികളെ യാത്രയുമായി ഏറെ അടുപ്പിക്കാൻ പറ്റിയ ഒരു ടൈറ്റിൽ അതാണെന്നു തോന്നി. ഒരു അമേരിക്കൻ പെണ്‍കുട്ടി ഇന്ത്യ കാണാൻ വരുന്നു.
നാട്ടിൻപുറത്തുകാരൻ ജോസ് മോൻ എന്ന പയ്യനൊപ്പം ബുള്ളറ്റിൽ കറങ്ങാൻ തീരുമാനിക്കുന്നു. ആ യാത്രയിലെ സംഭവങ്ങളാണു സിനിമ. കേരളത്തിൽ നിന്നു തുടങ്ങി തമിഴ്നാട്, കർണാടക, ഗോവ, പൂനെ, ബറോഡ, ഡാമൻ ഡ്യൂവിലെ ഡ്യൂ, രാജസ്ഥാൻ, ഹിമാചൽ, കാഷ്മീർ.. എന്നിവിടങ്ങളിലൂടെ സിനിമയുടെ 85 ശതമാനവും യാത്രയാണ്.
ഇന്ത്യാജാർവിസ്
അമേരിക്കൻ നടി ഇന്ത്യ ജാർവിസിന്റെ അമ്മ ഗർഭിണിയായിരുന്നപ്പോൾ ഇന്ത്യയെക്കുറിച്ചുള്ള ഏതോ പുസ്തകം വായിച്ചിരുന്നു. മകൾക്ക് ഇന്ത്യയെന്നു പേരിടാൻ അതായിരുന്നു പ്രചോ ദനം.
എന്റെ സുഹൃത്തും കുഞ്ഞുദൈവത്തിന്റെ മ്യൂസിക് ഡയറക്ടറുമായ മാത്യൂസ് പുളിക്കന്റെ ചില അമേരിക്കൻ ബന്ധങ്ങളിലൂടെ അവിടത്തെ ചില ആക്ടിവിസ്റ്റുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യാജാർവിസിലേക്ക് എത്തിയത്.
യാത്രയിൽ ഇല്ലാതാകുന്ന ദൂരങ്ങൾ
നമുക്കു വേണ്ടപ്പെട്ട ഒരാളെക്കാണാൻ ഒരു സ്ഥലത്തു നിന്ന് അകലെയു ള്ള മറ്റൊരു സ്ഥ ലത്തേക്ക് എത്തുന്പോൾ നമ്മൾ താണ്ടിയ ദൂരങ്ങളൊക്കെ ഇല്ലാതാവുകയാണ്. അതാണു സിനിമ പറയുന്നത്. ശുദ്ധമായ എന്റർടെയ്നറുണ്ടാക്കാനാണു ശ്രമം.
ഒപ്പം ചില സോഷ്യൽ ഇഷ്യൂസ് പറഞ്ഞുപോകുന്നുമുണ്ട്. ജോജു ജോർജ്, സിദ്ധാർഥ് ശിവ, സുധീഷ്, മാല പാർവതി തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. അഞ്ചു പാട്ടുകളുണ്ട്. സംഗീതം സൂരജ് എസ്. കുറുപ്പ്. ബാക്ക് ഗ്രൗണ്ട് സ്കോർ സുഷിൻ ശ്യാം.
ടെലിവിഷനിൽ തുടക്കം
2010 ൽ സിദ്ധാർഥ് ശിവയാണ് മറിമായത്തി ന്റെ എഴുത്തിലേക്കു കൊണ്ടുവന്നത്. മഴവിൽ മനോരമയിൽ മറിമായം, മീഡിയവണിൽ എം80 മൂസ, ഫ്ളവേഴ്സിൽ ഉപ്പും മുളകും… ടെലിവി ഷൻ എഴുത്ത് സജീവമായി.
2014 ലാണു സിനിമയിലെത്തിയത്. കവിയൂർ ശിവപ്രസാദ് സാർ, പ്രഭു രാധാകൃഷ്ണൻ, ഗിരീഷ് മനോ, സുരേഷ് അച്ചൂസ് എന്നിവർക്കൊപ്പം അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. സീറോ ബജറ്റ് സിനിമ എന്ന രീതിയിലായിരുന്നു 2 പെണ്‍കുട്ടികളുടെ തുടക്കം.
മുന്‍പോട്ടു പോകാനാകാതെ വന്നപ്പോൾ സുഹൃത്തുക്കളായ സനു എസ്. നായർ, നസീബ് ബി.ആർ എന്നിവർ നിർമിക്കാൻ തയാറായി. 2015 ൽ രണ്ടു പെണ്‍കുട്ടികൾ തിയറ്ററുകളിലെത്തി.
ആദ്യത്തെ സിനിമയ്ക്കു ലാഭമൊന്നും കിട്ടിയില്ലെങ്കിലും മുടക്കിയ പൈസ തിരിച്ചുകിട്ടി. ആ പൈസ എടുത്ത് അടുത്ത സിനിമ ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചു.
അങ്ങനെ ഉണ്ടാക്കിയതാണ് ‘കുഞ്ഞുദൈവം’. ആദ്യം ചെയ്ത രണ്ടു സിനിമകളും വലിയ താരങ്ങളില്ലാത്ത ചെറിയ സിനിമകളാണ്. ആളുകളെ കൂടുതൽ ഇഷ്ടപ്പെടുത്തുന്ന, പോപ്പുലറാകുന്ന നല്ല സിനിമയുടെ ഭാഗമാകുന്നതും ഇഷ്ടമാണ്.