
വിവാഹം ഒരു മനുഷ്യജീവിതത്തിലെ വൈകാരികദിനങ്ങളിലൊന്നാണ്. അതിനാല് തന്നെ തങ്ങളുടെ വിവാഹം വേറിട്ടതാക്കാന് പലരും ശ്രമിക്കാറുമുണ്ട്.
അങ്ങനെ ഒരു വിവാഹമായിരുന്നു കെവിന്റെയും കിമ്മിന്റെയും. ഒന്ന് എഴുന്നേല്ക്കാന് പോലും ആകാത്ത വികലാംഗനായ കെവിനെ വിവാഹം കഴിക്കാന് തയ്യാറാവുകയായിരുന്നു കിം.
എന്നാല് കല്യാണ ദിവസം വലിയ ഒരു സര്പ്രൈസ് കിമ്മിനെ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തില് ഒരിക്കലും മറക്കാനാകാത്ത ഒരു സര്പ്രൈസ്.
വര്ഷങ്ങള്ക്ക് മുന്പ് ഒരു അപകടത്തിലാണ് കെവിന് തന്റെ കാലുകള് നഷ്ടമായത് അതോടെ കെവിന്റെ ജീവിതം വീല്ചെയറിലായി ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഡോക്ടര്മാര് വിധിയെഴുതി അങ്ങനെയിരിക്കെയാണ് കെവിന്റെ ജീവിതത്തിലേക്ക് കിമ്മിന്റെ കടന്നു വരവ്.
കെവിനുമായി സൗഹൃദത്തിലായ കിം പിന്നീട് അയാളുമായി പ്രണയത്തിലുമായി. അങ്ങനെ ഒടുവില് അവര് വിവാഹം കഴിക്കാന് തീരുമാനിച്ചു. എന്നാല് ആ തീരുമാനത്തിന്റെ പേരില് കിമ്മിന് ഒരുപാട് പഴി കേള്ക്കേണ്ടിവന്നു.
ഒരു വികലാംഗനെ വിവാഹം ചെയ്താല് കിമ്മിന് നല്ലൊരു ജീവിതം ഉണ്ടാകില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്വരത്തില് പറഞ്ഞു.
എന്നാല് കിം തന്റെ തീരുമാനത്തില് ഉറച്ചു തന്നെ നിന്നു. ഇത്രയും എതിര്പ്പുകള് ഉണ്ടായിട്ടും തന്റെ കൂടെ ജീവിക്കാന് തയ്യാറായ ആ പെണ്കുട്ടിക്ക് ഒരു സര്പ്രൈസ് നല്കണമെന്ന് അയാള് തീരുമാനിച്ചു.
എല്ലാ കാര്യങ്ങളും കിമ്മുമായി പങ്കുവയ്ക്കുന്ന കെവിന് പക്ഷെ ഒരു കാര്യം മാത്രം അവരില് നിന്നും മറച്ചുവച്ചു. തന്റെ കാലിന് ചെറിയ രീതിയില് ചലനശേഷി തിരിച്ചു കിട്ടിയ വിവരമായിരുന്നു അത്.
അയാള് നല്ലൊരു ഫിസിയോ തെറാപ്പിസ്റ്റിനെ കണ്ട് കഠിന വ്യായാമങ്ങള് പരിശീലിച്ചു. അങ്ങനെ ഒടുവില് വിവാഹ ദിവസമെത്തി പുരോഹിതന് കെവിന് ഒഴികെ മറ്റെല്ലാവരോടുമായി എഴുന്നേറ്റുനില്ക്കാന് ആവശ്യപ്പെട്ടു.
എന്നാല് എല്ലാവരെയും അത്ഭുതപ്പെടുത്തി കെവിനും തന്റെ കസേരയില് നിന്നും എഴുന്നേറ്റു നിന്നു. അതും ആരുടേയും സഹായമില്ലാതെ.
കണ്ടുനിന്നവര്ക്കാര്ക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. കിം ആണെങ്കില് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് ദൈവത്തിന് നന്ദിപറഞ്ഞു.
താന് ഒരിക്കലും എണീറ്റ് നടക്കില്ല എന്ന് കരുതിയ തന്റെ പ്രിയതമന് തന്റെ മുന്നില് എഴുന്നേറ്റുനില്ക്കുന്നത് ആ യുവതിയ്ക്ക് വിശ്വസിക്കാനായില്ല.
ആത്മാര്ഥ പ്രണയത്തിന്റെ പ്രതീകമാവുകയാണ് ഈ ദമ്പതികള്. സംഭവത്തിന്റെ വീഡിയോയും സോഷ്യല് മീഡിയയില് ഹിറ്റാണ്.