പ്യോംഗ്യാംഗ്: അമേരിക്കയുമായുള്ള കൂടിയാലോചനാ മേധാവി കിം ഹ്യോക് ചോളിനെ ഉത്തരകൊറിയ വധിച്ചുവെന്ന റിപ്പോർട്ടുകൾ വ്യാജം. ഇദ്ദേഹം കഴിഞ്ഞ ദിവസം പ്യോംഗ്യാംഗിൽ നടന്ന കായികമത്സരങ്ങൾ വീക്ഷിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗും സ്റ്റേ ഡിയത്തിലുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കിം ഹാനോയിയിൽ നടത്തിയ രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിൽ പ്രകോപിതനായി കൂടിയാലോചകനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. ദക്ഷിണകൊറിയയിലെ ചോസുൻ ഇൽബോ പത്രമാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പ്യോംഗ്യാംഗിലെ മിറിം വിമാനത്താവളത്തിൽവച്ച് ഇദ്ദേഹത്തെയും നാല് നയതന്ത്ര ഉദ്യോഗസ്ഥരെയും ഫയറിംഗ് സ്ക്വാഡ് വെടിവച്ചുകൊന്നുവെന്നാണ് വാർത്തയിൽ പറഞ്ഞത്. ഉത്തരകൊറിയയുടെ മുൻ ആണവോർജ മേധാവി കിം യോംഗ് ചോളിനെ ലേബർ ക്യാന്പിലേക്ക് അയച്ചുവെന്നും റിപ്പോർട്ട് ചെയ്തു.
എന്നാൽ പ്യോംഗ്യാംഗിലെ മേയ് ഡേ സ്റ്റേഡിയത്തിൽ കിം പങ്കെടുത്ത പരിപാടിയിൽ വധിക്കപ്പെട്ടുവെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ പങ്കെടുത്തതിന്റെ ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. ലേബർ ക്യാന്പിലേക്ക് അയയ്ക്കപ്പെട്ടുവെന്നു പറഞ്ഞ ഉദ്യോഗസ്ഥനും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
ഹാനോയി ഉച്ചകോടിക്കു പിന്നാലെ കിം തന്റെ സഹോദരി കിം യോ ജോംഗിനെ ഉത്തരവാദിത്വങ്ങളിൽനിന്നു മാറ്റിനിർത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു. കിമ്മിന്റെ റഷ്യാ പര്യടനത്തിൽ ഇവരെ ഉൾപ്പെടുത്താതിരുന്നതാണ് ഈ സംശയത്തിനു കാരണം. എന്നാൽ കിമ്മിനൊപ്പമിരുന്ന് ഇവർ കായിക മത്സരം വീക്ഷിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
ദക്ഷിണകൊറിയൻ പത്രവാർത്തയുടെ വിശ്വാസ്യതയിൽ നിരീക്ഷകർ ആദ്യം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു.