ജപ്പാനെ പാതാളത്തില്‍ താഴ്ത്തും അമേരിക്കയെ ചുട്ടു ചാമ്പലാക്കും; ബിറ്റ് കൊയിന്‍ കൈയ്യിലുള്ളപ്പോള്‍ കിമ്മിന് പേടിയില്ല; ലോക ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം തയ്യാറെടുക്കുന്നു

സോള്‍: ഉപരോധമേര്‍പ്പെടുത്തുമെന്ന ഐക്യ രാഷ്ട്ര സഭയുടെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പ്പിച്ച് കിം ജോങ് ഉന്‍. ആണവ മിസൈല്‍ പ്രയോഗിക്കരുതെന്നും ആണവ ആയുധങ്ങള്‍ മുഴുവന്‍ ഹാജരാക്കണമെന്നും അണവ പരീക്ഷണവും എല്ലാവിധ മിസൈല്‍ പരീക്ഷണവും നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു യു.എന്‍ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടത്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ നിലയ്ക്കു നിര്‍ത്താനാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഏറ്റവും പുതിയ നീക്കം.

എന്നാല്‍ കിമ്മിന് കീഴടങ്ങേണ്ട അടിയന്തിര സാഹചര്യങ്ങളൊന്നും നിലവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎന്നില്‍ തങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ജപ്പാനില്‍ വീണ്ടും ഹിരോഷിമയും നാഗസാക്കിയും ആവര്‍ത്തിക്കുമെന്നും അമേരിക്കയെ ചുട്ടു ചാമ്പലാക്കുമെന്നാണ് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് മറുപടിയായി ഉത്തരകൊറിയ പറയുന്നത്. ജപ്പാന്‍, അമേരിക്ക, റഷ്യ, ചൈന എന്നിവരെല്ലാം കൂടി ചേര്‍ന്ന് ഒരേ സ്വരത്തിലാണ് പ്രമേയം കൊണ്ടുവന്നത് എങ്കിലും ചൈനക്കും റഷ്യക്കും എതിരേ ഭീഷണി മുഴക്കിയില്ല.ജപ്പാന്‍ ഭൂമിയില്‍ അധിക കാലം ഉണ്ടാകില്ലെന്നും ഉത്തര കൊറിയന്‍ ഒഫീഷ്യന്‍ വാര്‍ത്താ ഏജന്‍സി കെ സി എന്‍ എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ഉത്തര കൊറിയയുടെ ആജന്മ ശത്രുവായ ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ 28000 പട്ടാളക്കാര്‍ ഉണ്ടെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഇവര്‍ തങ്ങളേ അക്രമിക്കാന്‍ വന്നവരാണെന്നും ഈ പട്ടാളക്കാര്‍ മാതൃരാജ്യം കാണാന്‍ പോകുന്നില്ലെന്നും ഉത്തര കൊറിയ പറഞ്ഞു.

എന്നാല്‍ ബിറ്റ്‌കൊയിന്‍ പോലുള്ള ഡിജിറ്റല്‍ പണമിടപാട് തുടരുന്നിടത്തോളം കാലം കിമ്മിന് ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എവിടെയും എപ്പോഴും കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ബിറ്റ് കൊയിന്‍ ഉള്ളപ്പോള്‍ സൈബര്‍ ലോകത്തെ വന്‍ശക്തിയായ ഉത്തരകൊറിയയ്ക്ക് ഭയക്കേണ്ട യാതൊരാവശ്യവുമില്ലെന്ന് ഇവര്‍ പറയുന്നു.

ലോകബാങ്കുകള്‍ വരെ കൊള്ളയടിക്കാന്‍ ശേഷിയുള്ള സൈബര്‍ സംഘങ്ങള്‍ ഉത്തരകൊറിയയിലുണ്ടെന്നാണ് വിവരം. ഉത്തരകൊറിയയുടെ ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് ഇന്ത്യ അടക്കമുള്ള 18 രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും സൈബര്‍ കൊള്ള നടത്തിയാണെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പേഴ്‌സ്‌കി വിവരം നല്‍കിയിരുന്നു. ഉപരോധം ശക്തമാകുന്നതോടെ പണത്തിനായി വീണ്ടും ലോകബാങ്കുകള്‍ ഇവര്‍ കൊള്ളയടിക്കുമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സൈബര്‍ സുരക്ഷ ശക്തമല്ലാത്ത രാജ്യങ്ങളുടെ ബാങ്കുകള്‍ കൊള്ളയടിക്കാനുള്ള ശേഷി ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കുണ്ട്.

ബംഗ്ലാദേശ്, ഇക്വഡോര്‍, ഫിലിപ്പീന്‍സ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും പണം മോഷ്ടിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കെതിരെ ഉയര്‍ന്നതാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ മാത്രമല്ല ഇന്ത്യ അടക്കം 18 രാജ്യങ്ങളിലെ ബാങ്കുകള്‍ ഇവരുടെ ലക്ഷ്യമാണ്. കോസ്റ്ററിക്ക, എത്തോപ്യ, ഗാബോണ്‍, ഇന്ത്യ, ഇന്തൊനീഷ്യ, ഇറാഖ്, കെനിയ, മലേഷ്യ, നൈജീരിയ, പോളണ്ട്, തായ്ലണ്ട്, തായ്വാന്‍, യുറുഗ്വേ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയാണ് ഉത്തരകൊറിയ ലക്ഷ്യം വെക്കുന്നത്. ഉത്തരകൊറിയയാണ് ഹാക്കര്‍മാരുടെ പ്രഭവസ്ഥാനമെന്നും യഥാര്‍ഥ സ്ഥലം മനസിലാക്കാതിരിക്കാന്‍ പല സൂത്രപ്പണികളും ഉപയോഗിക്കുന്നുണ്ടെന്നും കാസ്‌പേഴ്‌സ്‌കി പറയുന്നു. ലസാറുസ് എന്നാണ് ഈ ഹാക്കര്‍മാരെ വിളിക്കുന്നത്. സോണി പിക്‌ചേഴ്‌സ്, വിയറ്റ്‌നാമീസ് കൊമേഴ്‌സ്യല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ ഇവരുടെ ആക്രമണത്തിനിരയായവയാണ്.

 

 

 

Related posts