ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോംഗ് നാം മലേഷ്യയില്‍ തിങ്കളാഴ്ച കുത്തേറ്റു മരിച്ചു. ക്വാലാലമ്പൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ രണ്ട് വനിതാ ഏജന്റുമാര്‍ വിഷസൂചികൊണ്ടു കിമ്മിനെ കുത്തുകയായിരുന്നുവെന്നു ദക്ഷിണകൊറിയന്‍ ടിവിചാനല്‍ ചോസുണ്‍ അറിയിച്ചു. കൊലപാതകത്തിനുശേഷം ഇരുവനിതകളും വാഹനത്തില്‍ രക്ഷപ്പെട്ടു. ഉത്തരകൊറിയന്‍ ഭരണകൂടം അയച്ചവരാണ് ഈ ഏജന്റുമാര്‍ എന്നു പറയപ്പെടുന്നു. കുത്തേറ്റ കിമ്മിനെ എയര്‍പോര്‍ട്ട് അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ടയാളിന്റെ ഐഡന്റിറ്റി ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്നാണ് എയര്‍പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ അസീസ് പറഞ്ഞത്.ഇപ്പോഴത്തെ ഭരണാധികാരി കിം ജോംഗ് ഉന്നിനു പകരം അധികാരത്തിലെത്തേണ്ടിയിരുന്നയാളാണ് ലിറ്റില്‍ ജനറല്‍ എന്നറിയപ്പെടുന്ന കിം ജോംഗ് നാം.
റഷ്യയിലും സ്വിറ്റ്സര്‍ലന്‍ഡിലും പഠിച്ച നാമിനെ പിതാവ് കിം ജോംഗ് ഇല് ഉത്തരകൊറിയയുടെ ഐടി മേഖലയുടെ മേധാവിയാക്കി. ഡോമിനിക്കന്‍ റിപ്പബഌക്കിന്റെ വ്യാജപാസ്പോര്‍ട്ടില്‍ ജപ്പാന് സന്ദര്‍ശനത്തിനു പോയതാണ് നാമിനു വിനയായത്. നരിത വിമാനത്താവളത്തില്‍ അറസ്റ്റിലായ അദ്ദേഹത്തെ ഉത്തരകൊറിയന്‍ ഭരണകൂടം കൈവിട്ടു. തുടര്‍ന്നു ചൈനയിലെ മക്കാവുവിലാണ് അദ്ദേഹം ഏറെ സമയവും ചെലവഴിച്ചത്.
2011 ഡിസംബറില്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് സഹോദരന് കിം ജോംഗ് ഉന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റായി ചുമതലയേറ്റതോടെ നാമിന്റെ നിലനില്പ് തന്നെ അപകടത്തിലായി. ജോംഗ് ഉന്നിനു ചുമതലാബോധമില്ലെന്നും അഴിമതിയും കൈക്കൂലിയും ഉത്തരകൊറിയയെ തകര്‍ക്കുമെന്നും നാം ഒരു ജാപ്പനീസ് പത്രത്തോടു പറഞ്ഞു. മൂന്നു തലമുറകളായി ഒരു കുടുംബം തന്നെ അധികാരം കൈയടക്കുന്നതു ചിന്താശക്തിയുള്ള മനുഷ്യര്‍ക്കു ദഹിക്കില്ലെന്നു 2012ല്‍ നാം ഒരു റിപ്പോര്‍ട്ടറോടു പറഞ്ഞു.
ഇതൊക്ക നാമിനെ ശത്രുവായി കാണാന്‍ ഉത്തരകൊറിയന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കാം. നാമിനു നേര്‍ക്ക് ഇതിനുമുമ്പും വധശ്രമമുണ്ടായിട്ടുണ്ട്. ചൈനയില്‍ വച്ചു കാറിടിച്ച് നാമിനെ കൊല്ലാന്‍ ശ്രമം നടന്നു. ഉത്തരകൊറിയയെ അടക്കി ഭരിക്കുന്ന കിം ജോംഗ് ഉന്‍ ഇതിനകം നിരവധി എതിരാളികളെ വകവരുത്തിയിട്ടുണ്ട്. അധികാരമേല്‍ക്കാന്‍ തന്നെ സഹായിച്ച അമ്മാവന് ജാംഗ് സോംഗ് തെക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വെടിവച്ചുകൊന്നു. ചിലരെ വകവരുത്തിയത് വിമാനവേധത്തോക്ക് ഉപയോഗിച്ചാണ്.