ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിന് എന്തു സംഭവിച്ചു എന്നതാണ് ഇപ്പോള്‍ ലോകം മുഴുവനും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, കുറഞ്ഞത്, ആഴ്ചയില്‍ ഒരു തവണയെങ്കിലും യുദ്ധഭീഷണിയോ അമേരിക്കയെ പേടിപ്പിക്കലോ ഒക്കെ നടത്തിയിരുന്ന കിമ്മിന്റേതായി യാതൊരു പ്രസ്താവനകളും വാര്‍ത്തകളും പുറത്തുവരുന്നില്ല. കിം നിലവില്‍ അസുഖബാധിതനായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് രണ്ട് മാസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താത്തതെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഒരു അന്താരാഷ്ട്ര വാര്‍ത്താപോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കുറച്ചുനാളായി കിം ജോംഗ് ഉന്‍ നേരിട്ട് പ്രസ്താവനകളൊന്നും നടത്തുന്നില്ല. മാത്രമല്ല 60 ദിവസമായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടുമില്ല. ഉന്നിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ശരീരം വണ്ണം കൂടിയിട്ടുണ്ടെന്നും അദ്ദേഹത്തിന് അസുഖമാണെന്നതിനുള്ള തെളിവായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗവും പ്രമേഹവും രക്താതി സമ്മര്‍ദ്ദവും കിം ജോംഗ് ഉന്നിനെ അലട്ടുന്നുണ്ട്. അതിന് പുറമെ വധഭീഷണി നിലനില്‍ക്കുന്നതിലുള്ള ഭയം മൂലം അദ്ദേഹം മാനസിക സമ്മര്ദ്ദത്തിനടിപ്പെട്ടുവെന്നും അമിതമായി ആഹാരം കഴിക്കുന്നതായും ദക്ഷിണകൊറിയന്‍ ചാരന്മാര് അടുത്തിടെ വാദമുയര്‍ത്തിയിരുന്നു.