
ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്സ്നേഹികളുടെ ചങ്കുപൊള്ളിക്കുന്ന ഉത്തരവുമായി കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിം ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന വളര്‍ത്തു നായ്ക്കളെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില വളര്‍ത്തു നായ്ക്കളെ സര്‍ക്കാര്‍ മൃഗശാലയിലേക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലെ ചില ഭാഗങ്ങളിലും പട്ടിയിറച്ചി ജനങ്ങളുടെ ഇഷ്ടപ്പെട്ട വിഭവമാണ്.
ഉത്തരകൊറിയയില്‍ വളര്‍ത്തു നായ്ക്കളുടെ ഉടമസ്ഥാവകാശം കിം ജോങ് ഉന്‍ നേരത്തെ നിരോധിച്ചിരുന്നു. രാജ്യത്ത് നായ്ക്കളെ വളര്‍ത്തുന്നത് ‘ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണത’യാണെന്ന് കിം നേരത്തെ പറഞ്ഞതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
കിം ജോങിന്റെ നിര്‍ദേശ പ്രകാരം വളത്തു നായ്ക്കളുള്ള വീടുകള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ സ്വമേധയാ നായ്ക്കളെ വിട്ടുനല്കിയില്ലെങ്കില് അധികൃതര്‍ ബലം പ്രയോഗിച്ച് ഇവയെ ഏറ്റെടുക്കും. എന്തായാലും ഉത്തര കൊറിയയിലെ നായ്ക്കള്‍ക്ക് മരണമണി മുഴങ്ങിക്കഴിഞ്ഞു.