കോവിഡിനെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ചൈനീസ് അതിര്‍ത്തി മറികടന്നെത്തുന്നവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍.
ചൈനയുമായുള്ള അതിര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ അടച്ചതിനേത്തുടര്‍ന്ന് ഉത്തരകൊറിയയിലേക്കുള്ള കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണു കോവിഡ് വ്യാപനം തടയാനുള്ള കടുംകൈ.
യു.എസ്. ഫോഴ്‌സസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രാംസാണു വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അതിര്‍ത്തി അടയ്ക്കുകയും ചൈനയില്‍നിന്നുള്ള ഇറക്കുമതി 85% കുറയുകയും ചെയ്തതോടെ ഉത്തരകൊറിയയ്ക്കുമേലുള്ള യു.എസ്. ഉപരോധത്തിന്റെ ആഘാതം ഇരട്ടിയായി. ഉത്തരകൊറിയയില്‍ ആഞ്ഞടിച്ച മെയ്‌സാഖ് ചുഴലിക്കൊടുങ്കാറ്റില്‍ 2000 വീടുകളാണ് തകര്‍ന്നത്. ഇതിനിടയ്ക്ക് കോവിഡ് വ്യാപനവും ഉയര്‍ന്നതോടെ ഉത്തര കൊറിയ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്.
എന്നാല്‍, ഭരണകക്ഷിയായ ”വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ”യുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായ കിം ജോങ് ഉന്‍ ശക്തിപ്രകടനത്തിനു മുതിര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.
മുങ്ങിക്കപ്പലില്‍നിന്നു തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഉത്തരകൊറിയ തയാറെടുക്കുന്നതായ സൂചനകളുമായി സിന്‍പോ സൗത്ത് നാവികതാവളത്തിന്റെ ഉപഗ്രഹചിത്രം സി.എസ്.ഐ.എസ്. വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
ഇതുവരെ ഉത്തരകൊറിയയില്‍ നിന്ന് ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. കോവിഡ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഉത്തരകൊറിയ പുറത്തു വിട്ടിട്ടില്ലെന്നുള്ളതാണ് വാസ്തവം.