അമൽ പി. അരുണ്‍
2005 ഡിസംബർ, തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലെത്തിയപ്പോൾ വരവേറ്റത് നിറഞ്ഞ ഇരിപ്പിടങ്ങളുടെ കാഴ്ചയായിരുന്നു. ഇരിക്കാൻ എവിടെയെങ്കിലും അല്പം സ്ഥലം കിട്ടുമോയെന്നു തെരഞ്ഞു. ഒരു രക്ഷയുമില്ല…
നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ കെള്ളാമെന്നായി ചിന്ത. അന്നറിയില്ലായിരുന്നു ഞാൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് കിം കി-ഡുക്കിന്റെ ഋതുഭേദങ്ങളുടെ മാന്ത്രികതയിലേക്കായിരുന്നുവെന്ന്. അവിടെ പെയ്തിറങ്ങിയത് മഞ്ഞുകാലമോ, വസന്തമോ, അതോ വേനലോ..?
കൊറിയയിൽനിന്നു വന്ന ആ നിത്യവസന്തം ചലച്ചിത്ര പ്രേമികളുടെ മനസിൽ കയറിപ്പറ്റാൻ സ്പ്രിംഗ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്്പ്രിംഗ് എന്ന ചിത്രത്തിന്റെ 103 മിനിറ്റ് ധാരാളമായിരുന്നു.
സാമരിറ്റൻ ഗേൾ, ത്രീ അയേണ്‍, ബാഡ് ഗയ്, ദ ബോയ് എന്നിവയും കിമ്മിന്േറതായി 2005ൽ പ്രദർശിപ്പിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ഈ വിഖ്യാത സംവിധായകന്റെ ചിത്രങ്ങൾ തിരഞ്ഞു കാണുകയെന്ന പതിവായി ഓരോ ചലച്ചിത്ര പ്രേമിക്കും.
ടൈം, ഡ്രീം, പിയാത്ത, മോബിയസ്, വണ്‍ ഓണ്‍ വണ്‍ തുടങ്ങിയവയെല്ലാം കിമ്മിന്റേതായി എത്തി. എന്നാൽ, ആദ്യകാല ചിത്രങ്ങളിൽ നിന്നും വഴിമാറി സഞ്ചരിച്ച കിമ്മിനെയായിരുന്നു പിന്നീട് കണ്ടത്.
ദക്ഷിണ കൊറിയൻ സിനിമാലോകത്തെ ബാഡ് ഗയ് ആയും ലോകമാധ്യങ്ങളിൽ അക്രമകാരിയായ ഫിലിംമേക്കറായും കിം വാഴ്ത്തപ്പെട്ടു. ക്രൂരമായ കൊലപാതകങ്ങളും രക്തച്ചൊരിച്ചിലുകളും ലൈംഗികതയും സിനിമയിൽ നിറഞ്ഞു.
അപ്പോഴും കിമ്മിന്റെ ഓരോ ചിത്രങ്ങളും മലയാളി ഏറ്റെടുക്കുകയായിരുന്നു.പതിനെട്ടാം രാജ്യാന്തര ചലച്ചിത്രമളയിൽ വിശിഷ്ടാതിഥിയായി കിം എത്തിയപ്പോൾ ഒന്നു കാണാൻ തിക്കിത്തിരക്കിയവരുടെ കൂട്ടത്തിൽ ഈ ലേഖകനുമുണ്ടായിരുന്നു.
കേരളം പോലൊരു കുഞ്ഞു സംസ്ഥാനത്ത് തനിക്ക് ഇത്രയും ആരാധകരോ.!-ഒരുപക്ഷെ കിമ്മിനു പോലും അത്ഭുതം തോന്നിയിരിക്കാം… കോവിഡിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്രമേള മാറ്റിവച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കിമ്മിന്റെ ഒരു പുതിയ സിനിമ കാണുന്ന തിരക്കിലായേനെ നമ്മളിപ്പോൾ.
തന്റെ സിനിമകളിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെ ഒരു ഞെട്ടൽ മാത്രം ബാക്കിയാക്കി വിടവാങ്ങുന്പോൾ കിം കി-ഡുക്ക് എന്ന സംവിധായകനെ മനസിൽ പ്രതിഷ്ഠിക്കാൻ കാരണമായ സ്പ്രിംഗ് സമ്മർ ഫോൾ വിന്റർ ആൻഡ് സ്്പ്രിംഗ് ഒരു നൊന്പരമായി അവശേഷിക്കുന്നു.
സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ്
തീക്ഷ്ണമായ ജീവിത പരിസരങ്ങളും കുറ്റമറ്റ ഷോട്ടുകളും മനോഹരങ്ങളായ ലൊക്കേഷനുകളും കിം കി-ഡുക്ക് സിനിമകളുടെ പ്രത്യേകതയാണ്. ഇതിൽ നിരൂപകപ്രശംസ പിടിച്ചുപറ്റിയ സിനിമയാണ് 2003ൽ പുറത്തിറങ്ങിയ സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ്.
മനോഹരമായ തടാകതീരത്തള്ള വിഹാരത്തിൽ ബുദ്ധമാർഗം പഠിപ്പിക്കുന്ന ഗുരുവുമൊത്ത് താമസിക്കുന്ന ഒരു കൗമാര പ്രായക്കാരന്റെ കഥയാണു ചിത്രം പറയുന്നത്.
ഗുരുവിന്റെ അടുക്കൽ ചികിത്സക്കെത്തിയ പെണ്‍കുട്ടിയുമായി അവൻ പ്രണയത്തിലാകുന്നു. പാപഭാരം കൊണ്ട് അവിടെനിന്ന് ഒളിച്ചോടിയെങ്കിലും അവന്റെ ജീവിതം നരകതുല്യമാകുന്നു. ആത്മീയ സാക്ഷാത്കാരം തേടി അവൻ ഗുരുവിന്റെ അടുത്തേക്കു തന്നെ തിരിച്ചെത്തുന്നു.
മനുഷ്യജീവിതത്തിലെ നാലുഘട്ടങ്ങളെയും നാലു ഋതുക്കളുമായി ബന്ധപ്പെടുത്തി നെയ്തെടുത്ത കഥ പ്രേക്ഷകരിൽ പുതിയ അവബോധം സൃഷ്ടിക്കുന്നു.
ജീവിതത്തിന്റെ നൈരന്തര്യത്തെയും മരണത്തിന്റെ അനിവാര്യതയേയും മോക്ഷത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളെയും ആവിഷ്കരിക്കുകയാണ് ഈ സിനിമ. ഒരേ സമയം കാഴ്ചയുടെ വിസ്മയവും ആത്മാവിന്റെ ഭക്ഷണവുമാകുന്നു സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ്.