ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മാനസികരോഗമാണെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. പ്രകോപനം തുടർന്നാൽ ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന ഭീഷണിക്കു മറുപടിയായാണ് കിം ജോംഗ് ട്രംപിന് മാനസിക നിലതെറ്റിയതാണെന്ന് പറഞ്ഞത്.
ട്രംപ് പ്രതീക്ഷിക്കാത്ത സമയത്ത് തിരിച്ചടി നൽകുമെന്നും കിം വീണ്ടും ഭീഷണി മുഴക്കി. ഉത്തരകൊറിയൻ ന്യൂസ് ഏജൻസിയിലൂടെ നേരിട്ടെത്തിയാണ് കിം തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോംഗ് ഹോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരകൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിരുന്നു.
കുരച്ചു പേടിപ്പിക്കാമെന്നാണ് ട്രംപ് വിചാരിക്കുന്നത്. അത് ഒരു പട്ടിയുടെ സ്വപ്നം മാത്രമാണ്- ന്യൂയോർക്കിലെ യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ റി യോംഗ് പറഞ്ഞു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ റോക്കറ്റ്മാൻ എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് പുല്ലുവില കല്പിച്ചാണ് ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും പലപ്പോഴായി നടത്തി.
സാന്പത്തിക ഉപരോധം ശക്തമാക്കി യുഎസ്
ബെയ്ജിംഗ്: ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങൾക്ക് തടയിടാൻ സാന്പത്തിക ഉപരോധം ശക്തമാക്കി യുഎസ്. ഉത്തര കൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളിൽ നിന്ന് ബന്ധമൊഴിവാക്കാൻ യുഎസ് ട്രഷറിയെ അധികാരപ്പെടുത്തുന്ന പുതിയ ഉത്തരവിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. പ്യോഗ്യാംഗുമായുള്ള എല്ലാവിധ സാന്പത്തിക ഇടപാടുകളും നിർത്തണമെന്ന് ചൈന സെൻട്രൽ ബാങ്ക് മറ്റു ചൈനീസ് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ് ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് സംസാരിക്കുകയായിരുന്നു ട്രംപ്. വിനാശകരമായ ആയുധങ്ങൾ വികസിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ സാന്പത്തിക സ്രോതസുകളെ വിച്ഛേദിക്കാനാണ് നടപടികൾ എടുത്തതെന്ന് ട്രംപ് പറഞ്ഞു.
ആണവായുധ, മിസൈൽ പരീക്ഷണങ്ങൾക്ക് വേണ്ടി ഉത്തരകൊറിയ അന്താരാഷ്ട്ര സാന്പത്തിക വ്യവസ്ഥിതിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന്റെെ പേരിൽ ഉത്തരകൊറിയയ്ക്ക് എതിരേ യുഎൻ രക്ഷാസമിതി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ട് രണ്ടാഴ്ച പിന്നിടുന്പോഴാണ് അമേരിക്കയുടെ നീക്കം. പുതിയ ഉത്തരവ് ഒരേ ഒരു രാജ്യത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്, അത് ഉത്തരകൊറിയയെ ആണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.