തിരുവനന്തപുരം: ഉത്തര കൊറിയയിലെ മുൻ ഏകാധിപതി കിം ഇൽ സുംഗിനെ മാധ്യമപ്രചാരണങ്ങളിലൂടെ ലോകമാകെ മഹത്വവൽക്കരിച്ച പഴയ മാതൃകയാണ് കേരള മുഖ്യമന്ത്രിക്കുവേണ്ടി പിആർ ഏജൻസികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
ചരിത്രത്തിലാദ്യമായി പൊളിറ്റിക്കൽ പബ്ലിക് റിലേഷനും പെയ്ഡ് ന്യൂസ് സമ്പ്രദായവും വിജയകരമായി തുടങ്ങിയത് കിം ഇൽ സുങാണ്. ലോകമെമ്പാടും അനേക വർഷം പത്രപരസ്യങ്ങൾക്കായി അദ്ദേഹം ഭീമമായ തുക മുടക്കിയിരുന്നു. കേരള സർക്കാരിന്റെ യും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ നിർമിതിക്കായി നിയമിച്ച പിആർ ഏജൻസികൾ ലോകസഭാ തോൽവിയുടെ ക്ഷീണമകറ്റാൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ കമ്പോളത്തിലെ ഒരു മൂല്യവർധിത വില്പന ചരക്കാക്കി മാറ്റാൻ ശ്രമിക്കുകയാണ്.
പ്രളയം, കോവിഡ് എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിയെ കേരളത്തിന്റെ രക്ഷകനാക്കി അവതരിപ്പിക്കുന്നതിൽ ഇവർ വിജയിച്ചിരുന്നു.ആധുനിക മുതലാളിത്ത രാജ്യങ്ങളിലെ പോലെ കോർപറേറ്റ് ഹൗസുകളുടെ പരസ്യ കമ്പനികൾ രാഷ്ട്രീയ നയപരിപാടികൾ രൂപീകരിക്കുകയും കൺസൾട്ടൻസികൾ ഭരണം നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലെ സിപിഎം ഭരണത്തിൽ ഇപ്പോൾ പിന്തുടരുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
രാഷ്ട്രീയ മുതലെടുപ്പിന് സമൂഹത്തിൽ വർഗീയ വിഭജനമുണ്ടാക്കുകയെന്ന സിപിഎം അടവുനയം നടപ്പാക്കുന്നത് പിആർ ഏജൻസികളാണ്. സിപിഎം സംസ്ഥാന കമ്മറ്റിയുടെ ഉപദേഷ്ടാക്കളും ഇവരാണ്.
കേരളസർക്കാരിന്റെ അംഗീകൃത പിആർ ഏജൻസികൾക്കു പുറമെ, ചില ബഹുരാഷ്ട കുത്തക കമ്പനികളുടെ അധീനതയിലുള്ള ചില ഏജൻസികൾ പ്രതിഫലം പറ്റാതെ കേരള സർക്കാരിനും മുഖ്യമന്തിയ്ക്കും വേണ്ടി പിആർ പണി നടത്തുന്നുണ്ടെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും, ‘എൽഡിഎഫ് ഉറപ്പാണ് എന്നീ പരസ്യ മുദ്രാവാക്യങ്ങൾ കണ്ടെത്തിയത് ഒരു പ്രസിദ്ധ പരസ്യ കമ്പനിയാണ്. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പ്രത്യുപകാരമായി സർക്കാരിന്റെ പ്രചാരണദൗത്യങ്ങൾ ഈ കമ്പനിയെ ഏല്പിച്ചു- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.