പ്യോംങ്യാംഗ്: അമേരിക്കയും ദക്ഷിണ കൊറിയയുമടക്കമുള്ള ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ. തങ്ങളുടെ ഏതെങ്കിലും ഒരു ശത്രു ആണവായുധം ഉപയോഗിച്ച് തങ്ങളെ പ്രകോപിപ്പിച്ചാൽ ആണവ ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പറഞ്ഞു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണമായി ബന്ധപ്പെട്ട് ഉത്തര കൊറിയൻ മിസൈൽ ബ്യൂറോയുടെ കീഴിലുള്ള സൈനികരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിം ജോങ് ഉൻ ഇക്കാര്യം പറഞ്ഞതെന്നു കെസിഎൻഎ വാർത്താ ഏജൻസി വ്യക്തമാക്കി.
“നിലവിൽ രാജ്യം മുന്നേറുന്നത് നിശ്ചയദാർഢ്യത്തോടെയുള്ള സൈനിക പ്രവർത്തനങ്ങളിലൂടെയാണ്. ശത്രുക്കൾ ആണവായുധം ഉപയോഗിച്ച് പ്രകോപിപ്പിക്കുമ്പോൾ തിരിച്ച് ആക്രമിക്കുകയാണ് ശരിയായ രീതി’ – കിം ജോങ് ഉൻ വ്യക്തമാക്കി. ഉത്തര കൊറിയയ്ക്കുനേരേ അമേരിക്കയിൽനിന്നും അവരുടെ സഖ്യകക്ഷികളിൽനിന്നും ഉയർന്ന ഭീഷണികളെ ഉത്തരകൊറിയ അപലപിച്ചു.