സിയോള്‍: ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ചികിത്സയ്ക്കു രാജ്യം പുതിയ മരുന്നുകൾ തേടുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയുടെ വെളിപ്പെടുത്തൽ. ഉത്തരകൊറിയയെ നയിക്കാനുള്ള കഴിവ് കിമ്മിനില്ലെന്ന വാർത്ത പരക്കുന്നതിനിടെയാണ് ദക്ഷിണകൊറിയയുടെ വെളിപ്പെടുത്തൽ.
കിമ്മിന് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ട്.170 സെന്റീമീറ്റർ ഉയരവും ഏകദേശം 140 കിലോഗ്രാം ഭാരവുമാണു കിമ്മിനുള്ളത്. മുപ്പതു വയസുമുതൽ ഉയർന്ന രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയും ലക്ഷണങ്ങൾ കിമ്മിനുണ്ടായിരുന്നു.
അമിതവണ്ണമുള്ള കിമ്മിനു ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. മാത്രമല്ല, അമിതമായ മദ്യപാനം പുകവലി എന്നീ ശീലങ്ങളും കിമ്മിനുണ്ട്.
കിമ്മിന്റെ അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖം മൂലമാണു മരിച്ചത്. ദക്ഷിണകൊറിയയിലെ നാഷണൽ ഇന്റലിജൻസ് സർവീസ് (എൻഐഎസ്) ഹൃദ്രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലാണ് കിമ്മിനെ പരിഗണിക്കുന്നത്.