
പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ മരിച്ചതായി വീണ്ടും വാർത്തകൾ. ഒൗദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം കിമ്മിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതായി വാർത്തൾ വന്നിരുന്നു. അതിനു പിന്നാലെയാണ് കിമ്മിന്റെ ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള ഉൗഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
മസ്തിഷ്ക മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ ഇക്കാര്യങ്ങൾക്കൊന്നിനും ഒൗദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഹോങ്കോങ് സാറ്റലൈറ്റ് ടിവി ഉപ ഡയറക്ടറുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് കിമ്മിന്റെ മരണ വാർത്ത വീണ്ടും പ്രത്യക്ഷപ്പെട്ടത്. മുഖമൊഴികെ ദേഹം മൂടിയ നിലയിൽ കിടക്കുന്ന കിമ്മിന്റെ ചിത്രങ്ങളും ഒപ്പം പ്രചരിച്ചു.
ട്വിറ്ററിലും പിന്നാലെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യങ്ങളിലും വാർത്തയും ചിത്രങ്ങളും പ്രചരിച്ചതോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ കടുത്ത ആശയക്കുഴപ്പത്തിലായത്.
നേരത്തെ, കിമ്മിന്റെ ചികിത്സക്കായി ഉപദേശം നൽകാനായി ചൈന വിദഗ്ധ സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്സണ് വിഭാഗത്തിലെ മുതിർന്ന അംഗം ഉൾപ്പെടെയാണ് വ്യാഴാഴ്ച പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇക്കാര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലം പ്രതികരിച്ചിരുന്നില്ല.
കിം ഗുരുതരാവസ്ഥയിലാണെന്ന് ദക്ഷിണ കൊറിയൻ വാർത്താ വെബ്സൈറ്റായ ഡെയിലി എൻകെയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 12ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനായ കിമ്മിന്റെ ആരോഗ്യസ്ഥിതി മോശമായി എന്നായിരുന്നു റിപ്പോർട്ട്.
പിന്നാലെ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന തരത്തിൽ വിവിധ ഇടങ്ങളിൽനിന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു.