വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉൻ അടുത്ത മാസം റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.
യുക്രെയ്നെതിരായ യുദ്ധത്തെ നേരിടാൻ റഷ്യയ്ക്ക് ആയുധം നൽകാനുള്ള സാധ്യതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥർ സിബിഎസിനോടു വെളിപ്പെടുത്തി.
റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതായി യുഎസ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കിം-പുടിൻ കൂടിക്കാഴ്ച.
എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം വ്യക്തമായിട്ടില്ല. പ്രത്യേകം നിർമിച്ച കവചിത ട്രെയിനിലാണ് കിം യാത്ര ചെയ്യാൻ സാധ്യതയെന്ന് യുഎസ് വൃത്തങ്ങൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.