കരിങ്കുന്നം: കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നെല്ലാപ്പാറാ അറയ്ക്കൽ ഷേർളിയുടെ മകൾ ഗോപിക (18)യാണ് വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണത്.
തൊടുപുഴയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കരയ്ക്കു കയറ്റിയത്. 20 അടി ആഴമുള്ള കിണറ്റിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുബാറക്ക് കിണറ്റിലിറങ്ങി പരിക്കേറ്റ യുവതിയെ കരയ്ക്കു കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ ഇരു കാലിനും പരിക്കേറ്റിട്ടുണ്ട്.
തൊടുപുഴ ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി.വി. രാജന്റെ മേൽനോട്ടത്തിൽ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ എസ്. ഒ. സുഭാഷ്, സാജു ജോസഫ്, വി. വിജിൻ, പി.ജി. സജീവ്, രഞ്ജി കൃഷ്ണൻ , എസ്. അൻവർഷാൻ, എസ്. നൗഷാദ്, ആർ. നിതീഷ്, ജിൻസ് മാത്യു, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.