വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ വീട്ടമ്മയ്ക്കും രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ അയൽവാസിക്കും വെഞ്ഞാറമൂട് അഗ്നി രക്ഷാസേന രക്ഷകരായി.
പരമേശ്വരം ശ്രീ മുരുക ഭവനിൽ കവിത (45) യാണ് വീടിന് സമീപത്തെ കിണറ്റിൽ വീണത്. ഇവരെ രക്ഷിക്കാനിറങ്ങിയ അയൽവാസിയായ ഗോപി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറ്റിൽ കുടുങ്ങുകയായിരുന്നു.
ഇന്നലെ രാത്രി 7.30 നായിരുന്നു സംഭവം. നാൽപത് അടിയോളം താഴ്ചയുളള കിണറ്റിലാണ് ഇരുവരും കുടുങ്ങിയത്. വിവരമറിഞ്ഞ് വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി.
ഫയർ ആൻഡ് റസ്ക്യു ഓഫീസർ രഞ്ജിത്ത് കയർ വലയുമായി കിണറ്റിലിറങ്ങി ഇവരെ കരയ്ക്കു കയറ്റുകയായിരുന്നു. പിന്നീട് സേന തന്നെ ആബുലൻസിൽ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അശോകന്റെ നേതൃത്വത്തിൽ ബിനു, രഞ്ജിത്ത്, അരുൺ മോഹൻ, കിരൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.