കൂരാലി: വീട്ടുമുറ്റത്തെ ഷെഡിൽ നിന്നെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറിലേക്ക് പാഞ്ഞ് ഭിത്തിയിടിച്ചുതകർത്തു. ഈ സമയം കിണർവക്കത്തിരിക്കുകയായിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീണു.
ഭിത്തി തകർത്ത കാർ കിണറിന്റെ വക്കിൽ തങ്ങി നിന്നു. ഇതിനിടെ കുട്ടികളുടെ പിതൃസഹോദരൻ കിണറ്റിലേക്കൂർന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ എട്ടിന് പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ വീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേയാണ് അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങി 15 അടി ദൂരത്തിലുള്ള കിണറിന്റെ ഭിത്തിയിലിടിച്ചത്.
ഈ സമയം ഷബീറിന്റെ മകൾ ഷിഫാന(14), ഷബീറിന്റെ അനുജൻ സത്താറിന്റെ മകൻ മുഫസിൻ (നാലര) എന്നിവർ ഇരുമ്പവലയിട്ട കിണറിന്റെ ഭിത്തിയിൽ ഇരിക്കുകയായിരുന്നു.
ഭിത്തിയുടെ ഒരുഭാഗം തകർന്ന് കിണറ്റിലേക്ക് വീണപ്പോൾ ഇരുവരും ഉള്ളിലേക്ക് വീണു. 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു.
അഞ്ചടി പൊക്കമുള്ള സംരക്ഷണ ഭിത്തി തകർത്ത് കാറിന്റെ വലതുവശത്തെ മുൻചക്രം കിണറിന്റെ നടുവിലായി താഴേക്കു പതിക്കാതെ കുമ്പിട്ടു തട്ടി നിന്നു.
ഈ സമയം ശബ്ദം കേട്ട് ഓടിയെത്തിയ മുഹമ്മദ് ഷബീറിന്റെ ജ്യേഷ്ഠൻ ഇ.ജെ. സക്കീർ ഹുസൈൻ മൗലവി കിണറിലേക്ക് പൈപ്പിലൂടെ ഊർന്നിറങ്ങി കുട്ടികളെ വെള്ളത്തിൽ നിന്ന് ഉയർത്തിനിർത്തി.
കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി കിണറിന്റെ കരയിലേക്കിറങ്ങുകയും ചെയ്തു.
ഇതിനിടെ കുട്ടികളുടെ മുത്തച്ഛൻ ആസാദ്, അനസ് മുഹമ്മദ്, ഷിഹാബ്, മുജീബ് മൗലവി, നിസാർ തുടങ്ങിയവർ ചേർന്ന് കയറിൽ കസേര കെട്ടിയിറക്കി ഷിഫാനയെ കരയിലെത്തിച്ചു.
സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് വലയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പരിക്കുകളില്ലാത്തതിനാൽ വിട്ടയച്ചു.
കിണറ്റിലേക്ക് ധൈര്യപൂർവം ഊർന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തിയ സക്കീർഹുസൈൻ മൗലവി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് പള്ളിയിലെ ഇമാമാണ്.