ഇരിട്ടി(കണ്ണൂർ): കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും. ഇരുവരെയും രക്ഷിക്കാൻ നാട്ടുകാരനും കിണറ്റിൽ ചാടി. ഒടുവിൽ മൂന്നുപേരെയും ഇരിട്ടിയിൽ നിന്നു ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.
ഇരിട്ടി ഹാജി റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.
ഭാര്യ കിണറ്റിൽ ചാടിയപ്പോൾ പിന്നാലെ ഭർത്താവ് രക്ഷിക്കാൻ കിണറ്റിൽ ചാടി. ഇതിനിടെ, മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ യുവാവ് ഇരുവരെയും രക്ഷിക്കുന്നതിനായി കിണറ്റിൽ ചാടുകയായിരുന്നു.
വെള്ളം കുറവായതിനാൽ ഭർത്താവിനും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.
പിന്നീട്, ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സെത്തി, അസി.സ്റ്റേഷൻ ഓഫീസർ ടി.മോഹനന്റെ നിർദേശ പ്രകാരം സീനിയർ ഫയർ ആൻഡ് റിസ്ക്യൂ ഓഫീസർ ബെന്നി ദേവസ്യ കിണറിൽ ഇറങ്ങി റോപ്പ് തൊട്ടിൽ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുത്തു.
പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് ആർ, സഫീർ പൊയിലൻ, ഷാനിഫ് എ. സി , ജോർജ്ജ് തോമസ്, ഹോം ഗാർഡുമാരായ വിനോയി, ബെന്നി സേവ്യർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
മുഴക്കുന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.