മുക്കം: നടമ്മൽ പൊയിൽ തച്ചറാക്കുന്ന് നിവാസികൾക്ക് പറയാനുള്ളത് ഓരോ വർഷവും കുടിവെള്ളത്തിനായി പരക്കം പായുന്ന കദന കഥകൾ മാത്രം. ഇവിടെ താന്നിക്കോട്ട് ചാലിൽ ടി.സി. മൂസക്കുട്ടി ഹാജി ദാനമായി നൽകിയ സ്ഥലത്ത് 40 വർഷം മുന്പ് നിർമിച്ച പഞ്ചായത്ത് കിണറുണ്ട്.ഗ്രാമ പഞ്ചായത്ത് വകയായിത്തന്നെ പുല്ലങ്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് കണക്ഷനും ഇവിടേക്കുണ്ട്. അത് പോലെ സന്നദ്ധ സംഘടനകൾ നിർമിച്ച കിണറുകളുമുണ്ട്. പക്ഷേ ഈ കുടിവെള്ള പദ്ധതികളിൽ നിന്നൊന്നും ഇവർക്ക് ആവശ്യത്തിന്റെ പകുതി പോലും വെള്ളം ലഭിക്കുന്നില്ലന്നതാണ് യാഥാർഥ്യം.
ഗ്രാമ പഞ്ചായത്തിന്റെ പുല്ലങ്കോട് കുടിവെള്ള പദ്ധതി പേരിന് മാത്രം. വേനൽക്കാലമായാൽ താന്നിക്കോട്ട് ചാലിലെ പഞ്ചായത്ത് കിണറും ഇവിടെത്തെ മറ്റ് കിണറുകളുമെല്ലാം വറ്റി വരളും. പിന്നെ ഇവിടത്തുകാർ കുടിവെള്ളത്തിനായി നട്ടോട്ടമോടുകയാണ് പതിവ്. ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ തച്ചറുകാവ് പുഴയോരത്ത് ഒരു കിണറ് കുഴിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം.ഇതിനായി മുട്ടാത്ത വാതിലുകളില്ല.ഗ്രാമ പഞ്ചായത്ത് മെന്പർ മുതൽ പല ജന പ്രതിനിധികളേയും സമീപിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല.
ഇത്തവണ നേരത്തെ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകകൂടി ചെയ്തോടെ തച്ചറാക്കുന്ന് സി.കെ. അബ്ദുസ്സലാമിന്റെ നേതൃത്വത്തിൽ പുഴയോരത്തെ പുറന്പോക്ക് സ്ഥലത്ത് വാഹനത്തിന്റെ ടയറിറക്കി ഒരു ചെറിയ കുഴിയുണ്ടാക്കി താത്ക്കാലിക്കമായി കുടിവെള്ളക്ഷാമം പരിഹരിക്കാൻ തീരുമാനിച്ചു.
ഇതറിഞ്ഞപ്പോൾ തച്ചറാക്കുന്ന് നിവാസികൾക്ക് പുറമെ കടുപ്പൊയിൽ കെ.പി. അബൂബക്കറിന്റെയും കുന്നുമ്മൽ ഇർഷാദിന്റെയും നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കടുപ്പൊയിൽ, തച്ചറാക്കുന്ന്, മാട്ടുമണ്ണിൽ, തച്ചറുകാവ് നിവാസികൾ കൈകോർക്കുകയും ജനകീയ കൂട്ടായ്മയിൽ തച്ചറുകാവ് പുഴയോരത്തെ പുറന്പോക്ക് ഭൂമിയിൽ റിംഗിറക്കി ഒരു കിണർ കുഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഉപഭോക്താക്കളെല്ലാം വിഹിതംവച്ച് മുതൽ മുടക്കി കിണറിന്റെ പണി തുടങ്ങുകയും ഒരാഴ്ച്ചകൊണ്ട് കിണറിന്റെ പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു. ഇരുപത്തി നാല് റിംഗിറക്കി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ കിണറ്റിലിപ്പോൾ ധാരാളം വെള്ളമുണ്ടെന്നതിൽ ആഹ്ലാദത്തിലാണ് ഇതിന്റെ ഉപഭോക്താക്കളും നാട്ടുകാരും. ഈ പദ്ധതിക്ക് നേതൃത്വം നൽകിയ കെ .പി. അബൂബക്കറിന്റെ സി.കെ അബ്ദുസ്സലാമിന്റെയും ഇർഷാദിന്റെയും ഈ മാതൃകാ പ്രവർത്തനം സർവ്വരാലുമുള്ള പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ഇത് മാതൃകയാക്കി ഇതേപ്രകാരം പല പുഴയോരങ്ങളിലും ജനകീയ കിണർ നിർമിക്കാൻ പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നുണ്ട്. വർഷങ്ങളായി തങ്ങൾ കുടിവെള്ളത്തിനായി നടത്തിയ ഈ രോദനം ചെവിക്കൊള്ളാത്ത ജന പ്രതിനിധികളിൽ നിന്നും ഒരു ഒൗദാര്യവും ഇനി സ്വീകരിൽക്കണ്ടതില്ലന്ന തീരുമാനത്തിൽകൂടിയാണിപ്പോൾ ഇവിടത്തുകാർ.