കടുത്തുരുത്തി: മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. മകളുടെ നിലവിളി കേട്ട പിതാവ് കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് പെണ്‍കുട്ടിയെയും പിതാവിനെയും കിണറ്റിൽനിന്നു രക്ഷപ്പെടുത്തി.
കാപ്പുന്തല പറന്പ്രത്ത് ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. മലയിൽ ജോസിന്റെ മകൾ ബ്ലെസി മേരി ജോസ് (17) ആണ് കിണറ്റിൽ വീണത്. ഇത്രയും താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിൽ വീണ ബ്ലെസിയുടേത് രണ്ടാം ജന്മമാണെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സും പറഞ്ഞു.
മൊബൈൽ ഫോണിൽ കോൾ വന്നതിനെ തുടർന്നു വീടിന് പുറത്തിറങ്ങി സംസാരിക്കുന്നതിനിടെയാണ് വീടിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ കിണറിന് സമീപം ബ്ലെസിയെത്തിയത്.സംരക്ഷണഭിത്തിയില്ലാത്ത കിണറിന് സമീപത്ത് നിന്നു സംസാരിക്കുന്നതിനിടെ ചവുട്ടിയ കല്ല് ഇളകി താഴേക്കു വീണതിനെ തുടർന്ന് ബ്ലെസിയും കിണറ്റിലേക്ക് വീഴുകയായിരുന്നു. താഴേക്കു വീണ ബ്ലെസി ഒരടിയോളം വെള്ളമുള്ള കിണറ്റിലെ ചെളിയിൽ കാൽ കുത്തി നിൽക്കുകയായിരുന്നു. ബ്ലെസി വീണതിന്റെ മറുവശത്ത് പാറയായിരുന്നു. വീഴ്ചയിൽ കല്ലിലുരസി വലതുകാലിന് പോറലുണ്ട്.
കിണറ്റിൽ വീണ ബ്ലെസി പിതാവിനെ വിളിച്ച് ഉറക്കെ നിലവിളിക്കുകയായിരുന്നു. ഉടൻതന്നെ വീട്ടിലുണ്ടായിരുന്ന വടം കെട്ടി കിണറ്റിലേക്ക് ജോസ് ഇറങ്ങി. ഈ സമയം ബ്ലെസിയുടെ അമ്മയുടെയും സഹോദരന്റെയും നിലവിളി കേട്ടു നാട്ടുകാരും എത്തി. കിണറ്റിൽ ഇറങ്ങിയ ജോസ് ചെളിയിൽ കാൽ പൂണ്ടു പോയ ബ്ലെസിയെ ഉയർത്തിയെടുത്ത് പാറയിലേക്കു കയറ്റി.
ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആപ്പാഞ്ചിറയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം കിണറ്റിലേക്കു വലയിട്ടു കൊടുത്തു ആദ്യം ബ്ലെസിയെയും പിന്നീട് ജോസിനെയും കിണറിന് വെളിയിൽ എത്തിച്ചു. തുടർന്ന് ബ്ലെസിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകി. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ബ്ലെസി നടുവേദനയെ തുടർന്ന് ഒരു മാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
ബസ് യാത്ര പറ്റാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് പഠനം തുടരുന്നതിന് ഇന്നുമുതൽ കോളജിൽ പോകാനിരിക്കുകയായിരുന്നു. മുന്‍പ് ഈ കിണർ തേകിയിട്ടുള്ളതാണ് ഭയമില്ലാതെ കിണറ്റിൽ ഇറങ്ങാൻ സഹായിച്ചതെന്ന് ജോസ് പറഞ്ഞു. ആപ്പാഞ്ചിറ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ബിജുമോൻ, അഭിജിത്ത്, അനിൽകുമാർ, അരുണ്‍ ബാബു, ദിനേശൻ, അമൽജിത്ത്, റോയി എന്നിവരാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. – See more at: