രാജാക്കാട്: കുടിവെള്ളത്തിനായി മലയോരം നെട്ടോട്ടമോടുമ്പോൾ പുതുതായി നിര്‍മിച്ച കുഴല്‍കിണര്‍ കവിഞ്ഞൊ ഴുകുന്നു. ഒരാഴ്ചമുമ്പ് രാജാക്കാട് എന്‍ആര്‍ സിറ്റി വലിയതാഴത്ത് തങ്കച്ചന്റെ വീട്ടുമുറ്റത്ത് 680 അടി താഴ്ചയില്‍ നിര്‍മിച്ച കുഴല്‍ കിണറില്‍നിന്നും വെള്ളം കവിഞ്ഞൊഴുകികൊണ്ടിരിക്കുകയാണ്.
കാലങ്ങളായി കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ എന്‍ആര്‍ സിറ്റി കനകപ്പുഴ ഭാഗം. കടുത്ത വരള്‍ച്ചയില്‍ ഇവര്‍ ആശ്രയിച്ചിരുന്നത് സമീപത്തുള്ള പന്നിയാറിനെയാണ്. എന്നാല്‍ ഇത്തവണ പന്നിയാറും വറ്റിവരണ്ടതോടെയാണ് തങ്കച്ചന് കുഴല്‍കിണര്‍ നിര്‍മിക്കുവാന്‍ തീരുമാനിച്ചത്. 280 അടി താഴ്ത്തിയതോടെ വെള്ളം കാണുകയുംചെയ്തു. ഇതിനുശേഷം 680 അടി താഴ്ത്തി നിര്‍ത്തി.
സാധാരണ വെള്ളം കണ്ടുകഴിഞ്ഞാല്‍ താഴ്ത്തല്‍ നിര്ത്തുന്നതുവരെയാണ് കിണര്‍ കവിഞ്ഞൊഴുകാറുള്ളത്. കിണര്‍ താഴ്ത്തല്‍ അവസാനിപ്പിച്ചിട്ടും വെള്ളം കവിഞ്ഞൊഴുക്ക് തുടരുകയാണ്. ഒഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുമില്ല. വെള്ളം കുത്തിയൊഴുകി കൃഷിയിടത്തില്‍ മണ്ണിടിഞ്ഞു തുടങ്ങിയതോടെ തങ്കച്ചനും സുഹൃത്തുക്കളുംചേര്‍ന്ന് പടുതകൊണ്ട് കുളം നിര്‍മിച്ച് കൃഷിക്ക് ആവശ്യത്തിന് വെള്ളം ശേഖരിച്ചശേഷം പന്നിയാര്‍ പുഴയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.