കോഴിക്കോട്: കടുത്ത വേനലില്‍ പൊന്നും വില കൊടുത്തും കിണര്‍ നന്നാക്കാനും പുതുതായി കിണർ കുഴിക്കാനും തുനിയുന്നവരെ “കുഴി’യിലാക്കി തട്ടിപ്പുസംഘം വിലസുന്നു. പലരും തോന്നിയപോലെയാണ് ആവശ്യക്കാരില്‍നിന്നും കൂലി ഈടാക്കുന്നത്. നഗരത്തിലുടനീളം വൈദ്യുതപോസ്റ്റുകളിലും മറ്റും ബോര്‍ഡുകളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഉപേയോക്താക്കളെ വീഴ്ത്തുന്നത്.
കിണറ്റിലിറങ്ങിയാല്‍ പതിനായിരം മുതല്‍ മേലോട്ടാണ് കൂലി. ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗരത്തിലാണ് തട്ടിപ്പു സംഘം വിലസുന്നത്. താരതമേന സാമ്പത്തിക ശേഷിയുള്ളവരാണ് ഇവരുടെ തട്ടിപ്പിൽപ്പെടുന്നത്. പലരും പരസ്യനമ്പറില് ബന്ധപ്പെട്ട് ഇവരെജോലിക്ക് നിയോഗിച്ച ശേഷമാണ് തട്ടിപ്പിനിരയാകുന്നത്.
ചാത്തമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നതായി ഉപഭോക്താക്കൾ പറയുന്നു. കോഴിക്കോട് നഗരത്തിലെ ഒരു കിണർ വൃത്തിയാക്കാൻ ഇവർ ആവശ്യപ്പെട്ടത് പതിനായിരം രൂപയാണ്. വീടുകളിൽ വിസിറ്റിങ്ങ് കാർഡും നൽകും. നഗരത്തിലെ വെള്ളയിൽ സ്വദേശികളായ മൂന്നംഗ സംഘം ഇതേ കിണർ 4500 രൂപയ്ക്ക് നന്നാക്കി നൽകി. ചാത്തമംഗലം ടീം നിരവധി പേരെ ഈവിധം കുഴിയിൽപ്പെടുത്തിയതായി അറിയുന്നു.
കിണര്‍ വൃത്തിയാക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് കൂടുതൽ തട്ടിപ്പ്. മഴയ്ക്കു മുൻപത്തെ സീസണിൽ ആവശ്യക്കാരെ പരമാവധി പിഴിയുന്നതാണ് ഇത്തരക്കാരുടെ രീതി.
ഗ്രാമങ്ങളില്‍ കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ അധികവും നടക്കുന്നത് കരാര്‍ അടിസ്ഥാനത്തിലായതിനാല്‍ തട്ടിപ്പ് ഒരു പരിധിവരെ കുറവാണ്. ഒരു കോല് താഴ്ത്തി കല്ലുകൊണ്ട് കെട്ടിനല്‍കാന്‍ 4000, മുതല്‍ 4500 രൂപ വരെയാണ് ഈടാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ 4000, പറമ്പുകളില്‍ 4500 എന്നിങ്ങനെയാണ് റേറ്റ്. സീസണ് കാലങ്ങളില്‍ പരാമാവധി ആവശ്യക്കാരെ പിഴിയുക എന്നതാണ് ഇവരുടെ ലക്ഷ്യം.
കിണര്‍ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈടാക്കാവുന്ന തുകയ്ക്ക് ഏകീകരണമില്ലാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ചിലയിടങ്ങളില്‍ റിംഗുകള്‍ വാര്‍ത്ത് കിണര്‍ താഴ്ത്തികൊണ്ടുപോകുന്ന സംവിധാനവും ഉണ്ട്. പെട്ടെന്ന് ഇടിയുന്ന കിണറുകള്ക്കാണ് റിംഗുകള്‍ വാര്‍ക്കുന്നത്. ഇതിനും വലിയ കൂലിയാണ് ഒരുവിഭാഗം ഈടാക്കുന്നത്.