പിറവം: കിണർ നന്നാക്കുന്നതിനിടെ അബോധാവസ്ഥയിലായ തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും കിണറിനുള്ളിൽ അകപ്പെട്ടു. ശുദ്ധവായു ലഭിക്കാത്തതുമൂലം അബോധാവസ്ഥയിലായ ഉദ്യോഗസ്ഥരെയും പിന്നീട് വലയിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു.
കിണർ നന്നാക്കാൻ ഇറങ്ങിയ മരങ്ങാട്ടുപിള്ളി സ്വദേശി പഴയമാക്കിൽ കെ.വി. ജോണി(52)നെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ബാബു, അബ്ദുൾസലാം എന്നിവർക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
ഇന്നലെ രാവിലെ ഒന്പതോടെ പാന്പാക്കുട പഞ്ചായത്തിലെ ഓണക്കൂറിലാണ് സംഭവം. കിണർ തേകി നന്നാക്കിക്കൊടുക്കുന്ന ജോണ് രാവിലെ 7.30ന് ഇവിടെയുള്ള ഒരു വീട്ടിലെ കിണർ ശുചിയാക്കിയിരുന്നു. ഇതിനു ശേഷം സമീപത്തെ ചെമ്മനാട്ടുവീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് ശുദ്ധവായു ലഭിക്കാത്തുമൂലം അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടനെ കരയിലുണ്ടായിരുന്ന വീട്ടുടമയോട് വിവരം പറഞ്ഞപ്പോൾ കയറിപ്പോരാൻ ആവശ്യപ്പെടുകയും ചെയ്തു. മുകളിലേക്ക് കയറുന്നിതിനിടെ അബോധാവസ്ഥയിലായ ജോണ് കിണറിനുള്ളിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ് പിറവത്തുനിന്ന് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരിൽ രണ്ടു പേർ വലയുമായി കിണറ്റിലേക്ക് ഇറങ്ങിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. മുകളിൽ നിന്നു വീണ്ടും വല കിണറ്റിലേക്ക് ഇട്ടുകൊടുത്ത് ഇവരും ഇതിനുള്ളിൽ കിടന്നാണ് മുകളിലെത്തിയത്.
50 അടിയോളം താഴ്ചയുള്ള കിണർ ശുചിയാക്കിയിട്ട് വർഷങ്ങളായെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർമാൻ പി.ആർ. ബാലൻ, ഏബ്രാഹം പുന്നൂസ്, കെ.ആർ. രാഗേഷ്, ബി. അൻസർ, ജെ.എം. ജോയി എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.