രാജപുരം: കള്ളാര്‍ ആടകത്ത് കിണറ്റില്‍ വീണ മൂന്നുവയസുകാരിക്ക് വല്യമ്മയുടെ കരുതലില്‍ പുനര്ജന്മം. ജിസ്മിയുടെയും ഷിജിലിന്റെയും മകളായ റെയ്ച്ചലാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.
ഉച്ചകഴിഞ്ഞ് വല്യമ്മ ലീലാമ്മയ്ക്കൊപ്പം അയല്‍വീടിനു സമീപത്ത് കളിക്കുന്നതിനിടെയാണ് റെയ്ച്ചല്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണത്.
അയല്‍വാസിയായ കൊടക്കാട്ടുകുടിയില് മേരിയുടെ 30 അടി താഴ്ചയും എട്ടടിയോളം വെള്ളവുമുള്ള ആള്‍മറയുള്ള ചതുര കിണറ്റിലാണ് കുട്ടി വീണത്.
ഒപ്പമുണ്ടായിരുന്ന ലീലാമ്മ ഉടന്‍തന്നെ കിണറ്റിലേക്കു ചാടി കുട്ടിയെ ചേര്‍ത്തുപിടിക്കുകയായിരുന്നു. കുട്ടിയെ കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കിണറ്റിലെ മോട്ടോറിന്റെ പൈപ്പില്‍ പിടിച്ച് അരമണിക്കൂറിലധികം നേരമാണ് ലീലാമ്മ വെള്ളത്തില്‍ നിന്നത്.
ഇതിനകം കുറ്റിക്കോലില്നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ റസ്ക്യൂ നെറ്റ് കിണറ്റിലിറക്കി ആദ്യം കുഞ്ഞിനെയും തുടര്‍ന്ന് ലീലാമ്മയെയും കരയ്ക്ക് കയറ്റുകയായിരുന്നു.